ഹമാസ് അനുകൂല റാലികൾക്ക് പിന്നാലെ ഭീകരവാദത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ് കോൺഗ്രസ് എന്ന് ബിജെപി നേതാവ് അനൂപ് ആന്റണി. തീവ്രവാദികളാണെങ്കിലും ഹമാസിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് പാർട്ടി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കൊലപ്പെടുത്തണമെന്നുള്ള രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാട് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇത് പറഞ്ഞത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അനൂപിന്റെ വിമർശനം. തീവ്രവാദികളെ പിന്തുണക്കുന്നതും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കുന്നതുമാണ് കോൺഗ്രസും രാഹുലും മുന്നോട്ടു വെയ്‌ക്കുന്ന മൊഹബത് കി ദൂകാൻ എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെടിവച്ചു കൊല്ലണമെന്നായിരുന്നു കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ആഹ്വാനം. നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തി വിചാരണ പോലും കൂടാതെ വെടിവെച്ചു കൊല്ലണം. കാസർകോട് നടന്ന ഹമാസ് അനുകൂല പരിപാടിയിലാണ് സ്ഥലം എംപിയുടെ പരാമർശം.
യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ഇല്ലാതെ വെടിവെച്ച് കൊല്ലുന്ന രീതിയാണ് ന്യൂറംബർഗ് വിചാരണ. ഇത് നെതന്യാഹുവിന്റെ കാര്യത്തിലും നടപ്പാക്കണം. നെതന്യാഹു കുറ്റവാളിയാണ്, എന്നിട്ടും ലോകത്തിന് മുന്നിൽ നിവർന്നു നിൽക്കുകയാണ്. അയാൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായി വെടിവച്ചു കൊല്ലപ്പെടുക തന്നെ ചെയ്യണമെന്ന് ഉണ്ണിത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടു.















