പുരി: അഹമ്മദാബാദിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ അറിയിക്കാൻ മണൽ ശിൽപമൊരുക്കി ലോക പ്രശസ്ത മണൽ ശിൽപ്പി സുദർശൻ പട്നായിക്. ‘ഗുഡ് ലക്ക് ടീം ഇന്ത്യ’എന്ന സന്ദേശത്തോടെയാണ് സുദർശൻ മണൽ ശിൽപ്പമൊരുക്കിയിരിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ മണൽ ശിൽപം കാണാൻ പുരി കടപ്പുറത്തെത്തുന്നത്.
56 അടി നീളമുള്ള ലോകകപ്പ് ട്രോഫിയും സുദർശന്റെ മണൽ ശിൽപത്തിലുണ്ട്. 500 സ്റ്റീൽ പാത്രങ്ങളും 300 ക്രിക്കറ്റ് ബോളുകളും ഉപയോഗിച്ചാണ് ലോകകപ്പ് ട്രോഫിയുടെ ശിൽപം സൃഷ്ടിച്ചത്. സുദർശൻ പട്നായികിന്റെ സാൻഡ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും അദ്ദേഹത്തോടൊപ്പം ശിൽപ നിർമ്മാണത്തിൽ പങ്കാളികളായിരുന്നു. ഏകദേശം ആറ് മണിക്കൂറുകളെടുത്താണ് മണൽ ശിൽപ്പം പൂർത്തിയാക്കിയത്.
മണൽച്ചിത്രങ്ങൾ രചിക്കുന്നതിൽ അഗ്രഗണ്യനാണ് സുദർശൻ പട്നായിക്. അദ്ദേഹത്തിന്റെ കഴിവ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. തന്റെ മണൽച്ചിത്രങ്ങളിലൂടെ ഭാരതത്തിന് വേണ്ടി ഒട്ടനവധി പുരസകരങ്ങളും അംഗീകാരങ്ങളും നേടിതന്ന വ്യക്തികൂടിയാണ് ഒഡിഷക്കാരനായ ഈ കലാകാരൻ.















