നടി തൃഷ കൃഷ്ണനെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശം വൻ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി താരം. തമാശയ്‌ക്ക് വേണ്ടി നടത്തിയ പരാമർശമാണെന്നാണ് മൻസൂർ അലി ഖാന്റെ മറുപടി. സഹപ്രവർത്തകരോട് ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നും തൃഷയെക്കുറിച്ച് പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
താരത്തിനെതിരെ സംവിധായകൻ ലോകേഷ് കനകരാജും ഗായിക ചിന്മയി ശ്രീപദയും അടക്കമുള്ള നിരവധി പേർ രംഗത്തുവന്നിരുന്നു. ദേശീയ വനിതാ കമ്മീഷൻ വഴി മൻസൂർ അലി ഖാനെതിരെ നടപടിയെടുക്കുമെന്ന് ഖുശ്ബുവും അറിയിച്ചു. ഇതിന് പിന്നാലെയാണ് നിലപാടറിയിച്ച് മൻസൂർ അലി ഖാൻ എത്തിയത്.
”ആ.. പ്രസ്മീറ്റിനിടെ ഞാൻ തൃഷയെക്കുറിച്ച് മോശമായി സംസാരിച്ചുവെന്ന വാർത്തകൾ വരുന്നുണ്ടെന്ന് എന്റെ മക്കളാണ് അറിയിച്ചത്. സത്യം പറയാമല്ലോ.. തൃഷയെ അഭിനന്ദിച്ചതാണ്. ലിയോ സിനിമയിലെ തൃഷയുടെ പ്രകടനം ഹനുമാൻ മൃതസഞ്ജീവനി എത്തിച്ചതിന് തുല്യമാണ്. പ്രസ്മീറ്റിനിടെ പരാമർശിച്ച മറ്റെല്ലാം തമാശയ്‌ക്ക് വേണ്ടിയാണ്. എന്നാൽ ചിലരത് മനഃപൂർവ്വം കട്ട് ചെയ്ത് മറ്റൊരു വീഡിയോ ഉണ്ടാക്കി തൃഷയ്‌ക്ക് മുന്നിൽ അവതരിപ്പിച്ചു. ഇതൊക്കെ കണ്ട് പേടിക്കുന്ന തരത്തിലുള്ള ഒരാളല്ല ഞാൻ, ഇന്ന് എന്റെയൊപ്പം വർക്ക് ചെയ്യുന്ന നടിമാരിൽ പ്രമുഖരുണ്ട്. പല നടിമാരും സമ്പന്നരായ വ്യാപാരികളുടെ ഭാര്യമാരുമാണ്.
എന്റെ മകൾ ദിൽറുബ തൃഷയുടെ ആരാധികയാണ്. എനിക്ക് വേറെയും രണ്ട് പെൺമക്കളുണ്ട്. അവർക്ക് വിവാഹമൊക്കെ കഴിക്കേണ്ടതാണ്. എനിക്ക് ജോലി ചെയ്യേണ്ടതുണ്ട്. എന്റെ കൂടെ പ്രവർത്തിച്ച ഓരോരുത്തർക്കും അറിയാം.. ഞാൻ സ്ത്രീകളെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്ന്. ഇഷ്ടം പോലെ ജോലികൾ ചെയ്തുതീർക്കാൻ എല്ലാവർക്കുമുണ്ട്. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ പണി പോയി നോക്ക്. നന്ദി.! ”- ഇതായിരുന്നു മൻസൂർ അലി ഖാന്റെ വാക്കുകൾ.
തൃഷയ്‌ക്കൊപ്പം അഭിയക്കുന്നുവെന്ന് കേട്ടപ്പോൾ സിനിമയിലൊരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാൽ അവർ തൃഷയെ ഒന്ന് കാണിക്കുക പോലും ചെയ്തില്ലെന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പ്രതികരണം. മുൻകാല സിനിമകളിൽ മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതിയെന്നുമായിരുന്നു നടന്റെ വിവാദ പരാമർശം.