അഹമ്മദാബാദ്: ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിര പതറിയ മത്സരത്തില്‍ ഒസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. 240 റണ്‍സിന് എല്ലാവരും പുറത്തായി. ഫൈനലില്‍ ഓസീസിന്റെ മൂര്‍ച്ചയേറി ബൗളിംഗിന് മുന്നില്‍ പതറിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിയര്‍ത്തു. സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ കമ്മിന്‍സും ആയുധങ്ങള്‍ തേച്ചു മിനുക്കിയെത്തിയതോടെ കൂട്ടുകെട്ടുകള്‍ പടത്തുയര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
മിച്ചല്‍ സ്റ്റാര്‍ക്കിന് മൂന്ന് വിക്കറ്റും ജോഷ് ഹേസില്‍വുഡിനും പാറ്റ് കമ്മിന്‍സിനും രണ്ടു വിക്കറ്റു വീതം ലഭിച്ചു. ആഡം സാംപ, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ഇന്ത്യന്‍ നിരയില്‍ ശ്രേയസും ഗില്ലും അടക്കം അഞ്ചുപേര്‍ രണ്ടക്കം കാണാതെ കൂടാരം കയറി.പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി.
രോഹിത് മടങ്ങിയതിന് ശേഷം ഇന്ത്യയുടെ റണ്‍റേറ്റ് താഴ്ന്നെങ്കിലും കൂടുതല്‍ തകര്‍ച്ചയുണ്ടാവാതെ കോലിയും രാഹുലും ചേര്‍ന്നാണ് ഇന്നിംഗ്സിന് താങ്ങായത്. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അത്യഗ്രന്‍ തുടക്കം നല്‍കിയ രോഹിത് ശര്‍മ്മയാകട്ടെ ഇന്ന് സെഞ്ച്വറിക്കരികെ വീഴുകയായിരുന്നു.
66 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 54 റണ്‍സുമായി കോലിയും 47 റണ്‍സെടുത്ത രോഹിതുമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്. 13 ഫോറും 3 സിക്‌സുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പിറന്നത്. ഇതില്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയത് രോഹിത് ശര്‍മ്മയാണ്.