പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് വെർച്വൽ ക്യൂ മുഖേന രണ്ട് ദിവസത്തിനുള്ളിൽ ദർശനത്തിനായി ബുക്കിംഗ് നടത്തിയത് 37,348 അയ്യപ്പഭക്തർ.
sabarimalaonline.org എന്ന വെബ്സൈറ്റ് മുഖേന ഭക്തർക്ക് ബുക്കിംഗ് നടത്താവുന്നതാണ്. 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പമ്പയിൽ നിന്നും ആരംഭിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കുന്നു.
അതേസമയം കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് നിരവധി സുരക്ഷാ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സുഗമമായ ദർശന സാഫല്യത്തിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്തെ എല്ലാ പ്രധാന പോയിന്റുകളിലുമായി 1,400 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.