ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് രാജസ്ഥാന്റെ അഭിമാനത്തിലും അന്തസിലും മുറിവേൽപ്പിക്കുന്ന പ്രവർത്തികളാണ് ചെയ്യുന്നതെന്ന് രാജ്‌നാഥ് സിംഗ് വിമർശിച്ചു. രാജസ്ഥാനിലെ ഷാപുരയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകത്തിലെ ഏറ്റവും വിശ്വസനീയമായ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഒരാൾക്ക് തെറ്റ് സംഭവിക്കാം എന്നാൽ ബിജെപി എന്ന പാർട്ടിയ്‌ക്ക് ഒരിക്കലും തെറ്റ് സംഭവിക്കില്ല. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകി. ആ ഉറപ്പ് ഞങ്ങൾ പാലിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ഞങ്ങൾ പറഞ്ഞു. ഇപ്പോളിതാ നിങ്ങളെ എല്ലാവരെയും ജനുവരി 22-ന് അയോദ്ധ്യയിലേക്ക് രാമക്ഷേത്രം ദർശിക്കാൻ ക്ഷണിക്കുകയാണ്’.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നിറവേറ്റും. ബിജെപി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പിലാക്കുമെന്ന് ഈ നിമിഷം ഞാൻ പ്രതിജ്ഞയെടുക്കുകയാണ്. ദുർബല രാഷ്‌ട്രമായാണ് ലോകരാജ്യങ്ങൾ നേരത്തെ ഇന്ത്യയെ കണ്ടിരുന്നത്. എന്നാൽ ഇന്ന് ലോകം മുഴുവൻ ഭാരതത്തെ പ്രശംസിക്കുന്നു. എല്ലാ മേഖലയിലും ഭാരതം ഇന്ന് ഉയർന്നിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.