16 ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 707 വർഷം തടവുശിക്ഷ. 34-കാരനായ മാത്യു സാക്രസെസ്കിയെയാണ് കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ശിക്ഷിച്ചത്. 14 വയസിൽ താഴെയുള്ള 16 ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തു. ഗുരുതരമായ 34 കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തതായി കോടതി കണ്ടെത്തി.
2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ദുരുപയോഗം ചെയ്തതിൽ രണ്ട് വയസുള്ള കുട്ടിയെ വരെ ഉൾപ്പെടുന്നു. എട്ടുവയസുകാരനെ മോശമായ സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇയാളുടെ ക്രൂര പ്രവൃത്തികൾ പുറംലോകമറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദക്ഷിണ കാലിഫോർണിയയിൽ മാത്രം 11 കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. കുട്ടികളെ പരിപാലിക്കാൻ എന്ന പേരിലെത്തിയായിരുന്നു പീഡനം. വിദേശത്ത് പോകാൻ എത്തിയ ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിയായിരുന്നു അറസ്റ്റ് ചെയ്തത്. യാതൊരു വിധ കുറ്റബോധവും തനിക്കില്ലെന്നും കുട്ടികളുടെ മുഖത്ത് ചിരി വിടർത്താൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നായിരുന്നു ഇയാൾ കോടതിയിൽ പറഞ്ഞത്.















