തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടെ തല്ലുമാല. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. പെരിങ്ങമന സെന്റിനറി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. പിന്നാലെ പ്രശ്നം പരിഹാരിക്കാനെത്തിയവരെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ഒന്നിച്ച് തല്ലി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗാനമേളയ്‌ക്കിടെ മദ്യലഹരിയിലെത്തിയ ചിലർ നൃത്തം ചെയ്തു. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. തുടർന്ന് വാക്കുതർക്കമായി. ഹാളിനകത്ത് വെച്ച് തന്നെ ഉന്തും തള്ളുമായി. പിന്നാലെ ഹാളിന് പുറത്തിറങ്ങിയതോടെ അടിപിടിയിൽ കാലശിക്കുകയായിരുന്നു.
ബഹളം കേട്ട് അയൽക്കാരെത്തിയപ്പോൾ തല്ലുണ്ടാക്കിയിരുന്നവർ ഒന്നിച്ച് അവർക്ക് നേരെ തിരിഞ്ഞു. പ്രശ്ന പരിഹാരത്തിനെത്തിയവർക്കാണ് അധികവും പരിക്കേറ്റത്. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.