ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രം പ്രഖ്യാപിച്ചത് മുതൽ വളരെ ആകാംക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബർ 27 നായിരുന്നു ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
23 ദിവസംകൊണ്ടാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുന്നത്. വൈശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് തന്നെയാണ് ചിത്രം വിതരണം ചെയ്യുന്നത്. വരുന്ന വിഷുവിന് ചിത്രം തിയറ്ററുകളിൽ എത്തും. തിരയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ വിനീത് ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കൂടാതെ ചിത്രത്തിനായി ധ്യാൻ തടി കുറച്ചത് ഇതിനോടകം ചർച്ചയായിരുന്നു.
കൂടാതെ ഏറെ കാലത്തിന് ശേഷം നിവിൻ പോളി വിനീതിന്റെ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, അജു വർഗീസ് എന്നിങ്ങനെ വൻ യുവതാര നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. സംഗീതം നിർവഹിക്കുക അമൃത് രാംനാഥാണ്.