അപരാജിത കുതിപ്പുമായാണ് ഇന്ത്യൻ ടീം ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ കലാശപ്പോരിൽ അടിതെറ്റിയപ്പോൾ ടീമിനെ വിമർശിച്ചും താരങ്ങളെ അധിക്ഷേപിച്ചും നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തി. ആരാധകർക്കൊപ്പം താരങ്ങളും തോൽവിയിൽ കണ്ണീരണിഞ്ഞിരുന്നു. എന്നാൽ തോൽവിയും തങ്ങളുടെ മുൻ സഹപ്രവർത്തകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീറും യുവരാജ് സിംഗും.
‘ഞാൻ പറഞ്ഞതുപോലെ നിങ്ങൾ വിജയികളാണ്. ലോകകപ്പിലെ നിങ്ങളുടെ പ്രകടനങ്ങൾ നോക്കണം. തോൽവിയിലും തലയുയർത്തിപ്പിടിച്ചാണ് നിങ്ങൾ നിൽക്കേണ്ടത്. ഓസ്ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ!’ – ഗൗതം ഗംഭീർ എക്‌സിൽ കുറിച്ചു.
‘ലോകകപ്പിലെ നിങ്ങളുടെ ഇതുവരെയുള്ള യാത്രയ്‌ക്ക് അഭിനന്ദനങ്ങൾ, നമ്മൾ ആഗ്രഹിച്ചതല്ല നമുക്ക് ലഭിച്ചത്. ഈ ലോകകപ്പിൽ മികച്ച പ്രകടനങ്ങളും അവിസ്മരണീയമായ നിമിഷങ്ങളും നിങ്ങൾ സമ്മാനിച്ചു. തോൽവിയിൽ നിരാശരാകാതെ അടുത്ത ലക്ഷ്യത്തിന് വേണ്ടിയാണ് നാം പരിശ്രമിക്കേണ്ടത്. ‘ യുവരാജ് എക്‌സിൽ കുറിച്ചു.