തൃശൂർ: സ്‌കൂളിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. എല്ലാ ക്ലാസ്മുറിയിലും കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിക്കുന്ന ആളെ പോലെയാണ് യുവാവ് പെരുമാറിയതെന്നും പ്രിൻസിപ്പൽ പത്മജ പറഞ്ഞു. സംഭവത്തിൽ തൃശൂർ മുളയം സ്വദേശിയായ ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌കൂളിൽ കയറി ആദ്യം കുട്ടികളുടെ സൈക്കിളുകൾ തട്ടിത്തെറിപ്പിച്ചു. തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് ഇയാൾ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. പൂർവ്വ വിദ്യാർത്ഥിയെന്ന് പറഞ്ഞ് കൊണ്ട് എല്ലാ ക്ലാസുകളിലും കയറിയിറങ്ങി. സ്‌കൂളിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. പോലീസ് വരുന്ന ആ സയമം കൊണ്ട് എല്ലാ ക്ലാസുകളിലും കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി.
പോലീസ് വന്നപ്പോൾ ഗേറ്റ് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്‌കൂളിൽ നിന്ന് ഇറങ്ങിയോടി അടുത്തുള്ള വീടിന് സമീപം ഒളിച്ചു നിൽക്കുമ്പോഴാണ് പോലീസ് പിടികൂടിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഒരു വർഷം മാത്രമാണ് സ്‌കൂളിൽ പഠിച്ചിരുന്നത്. പരീക്ഷ എഴുതിയിട്ടില്ല. 2021-23 ബാച്ചിലെ വിദ്യാർത്ഥിയാണ് ജഗൻ. മൊബൈൽ ഫോൺ സ്‌കൂളിൽ കൊണ്ടുവന്നതിന് അദ്ധ്യാപകർ ജഗനെ ഒരുപാട് തവണ ശാസിച്ചിരുന്നു. എന്നാൽ ജഗൻ അദ്ധ്യാപകർക്കെതിരെ കയർത്ത് സംസാരിക്കുകയാണുണ്ടായത്.















