ലക്നൗ: നിർബന്ധിച്ച് മതം മാറ്റാൻ ശ്രമം ഹിന്ദു യുവാവ് ആത്മഹത്യ ചെയ്തു. രോഹിത് കുമാർ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. മരിക്കുന്നതിന് മുമ്പ് രോഹിത് കുറ്റക്കാരുടെ പേരുകൾ പരാമർശിച്ച് കൊണ്ട് സമൂഹ മാദ്ധ്യത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
പ്രദേശവാസികളായ സത്താറും സൽമാനും മതം മാറി മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്നും വിസമ്മതിച്ചതിനാൽ തനിക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നും രോഹിത്തിന്റെ വീഡിയോയിൽ പറയുന്നു. നിലവിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
മകളുടെ വിവാഹം രോഹിതുമായി നടത്താൻ സത്താർ ആഗ്രഹിച്ചിരുന്നുവെന്നാണ് മരിച്ചയാളുടെ കുടുംബം ആരോപിക്കുന്നത്. അതിനാൽ, സൽമാനും കൂട്ടാളികളും ചേർന്ന് രോഹിത്തിനോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മതം മാറാൻ വിസമ്മതിച്ചപ്പോൾ, 2023 സെപ്റ്റംബർ 6 ന് ഔറയ്യയിലെ സഹാർ പോലീസ് സ്റ്റേഷനിൽ പ്രതികൾ രോഹിത് മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് എഫ്‌ഐആർ ഫയൽ ചെയ്തു. ഏകദേശം ഒരു മാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് അന്ന് രോഹിത് പുറത്തിറങ്ങിയത്.
തുടർന്ന് ഇ-റിക്ഷ ഓടിച്ചാണ് രോഹിത് ജീവിച്ചത്. നവംബർ 15 ന് രാവിലെ 7 മണിയോടെ സത്താർ, സൽമാൻ, ബണ്ടി ഖാൻ, ദുല്ലി ഖാൻ, തുന്നൻ ഖാൻ, വക്കിൽ ഖാൻ എന്നിവർ ആയുധങ്ങളുമായി രോഹിതിന്റെ വീട്ടിലെത്തി. ഇസ്ലാം മതം സ്വീകരിച്ച് മകളെ വിവാഹം ചെയ്തില്ലെങ്കിൽ മാതാപിതാക്കളെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തര ഭീഷണിയെ തുടർന്നാണ് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.















