മലപ്പുറം: തിരൂർ നഗരസഭയിലെ തുമരക്കാവ് പ്രദേശത്ത് പുലിയിറങ്ങിയതായി സംശയം. തുമരക്കാവ് ആറാം വാർഡിലാണ് പുലിയിറങ്ങിയതായി അഭ്യൂഹം പരന്നത്. ഇന്ന് രാവിലെ 11.30-ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂർ മനയ്‌ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന പുതുക്കാട്ട് മുഹമ്മദ് അനീസ് ആണ് പുലിയെ കണ്ടെന്ന് ആരോപിക്കുന്നത്. പുലി നായയെ കടിച്ച് കാട്ടിലേക്ക് ഓടുന്നത് കണ്ടുവെന്നാണ് ഇയാൾ പറയുന്നത്.
താനാളൂർ മൂന്നാം മൂലയിലേക്ക് ഓട്ടോയിൽ പോകവെ പുലിയെ കണ്ടെന്നാണ് അനീസിന്റെ വാദം. സംഭവത്തിന് പിന്നാലെ ഇദ്ദേഹം പ്രദേശവാസികളെ വിവരം അറിയിച്ചു. പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, കൗൺസിലർ പ്രസന്ന പയ്യാപ്പന്ത എന്നിവർ സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് തിരച്ചിൽ നടത്തി വരികയാണ്. പോലീസിനെയും വനം വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.