മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടിൽ വരുന്ന ‘ടർബോ’യിൽ കന്നഡ താരം രാജ് ബി ഷെട്ടിയും. താരത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രിയിൽ നിന്നും വൻ താരനിരയാണ് അണിനിരക്കുന്നത്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുഹാൻ സിംഗ് എന്നിവരോടൊപ്പം ടർബോയിൽ കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടി കൂടി ജോയിൻ ചെയ്യുന്നു എന്ന വാർത്ത ആവേശത്തോടെയാണ് സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.
ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയ താരമാണ് രാജ് ബി ഷെട്ടി. തെലുങ്ക് നടൻ സുനിലിന്റെയും പോസ്റ്റർ ടർബോയുടെ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പോസ്റ്ററുകൾ വരും ദിവസങ്ങളിലായി പ്രഖ്യാപിക്കും. മമ്മൂട്ടിയുടെ ഒരു പാൻ ഇന്ത്യൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മമ്മൂട്ടി കമ്പനി തന്നെയാണ് ‘ടർബോ’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്സ് പ്രഭു ആണ്.















