ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി മഥുരയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. മഥുരയിൽ നടക്കുന്ന ‘ ബ്രജ് രാജ് ഉത്സവ’ത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. കൂടാതെ പതിനാറാം നൂറ്റാണ്ടിലെ കവിയായിരുന്ന മീരാ ഭായിയുടെ ജന്മദിനാഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തും. 24, 25 തീയതികളിലാണ് ബ്രജ് രാജ് ഉത്സവം നടക്കുന്നത്.
നിലവിൽ മഥുരയിലെ വായു ഗുണനിലവാര സൂചിക ഉയർന്നിരിക്കുകയാണ് ഇത് കുറക്കാനായി നഗരത്തിൽ പ്രത്യേക ശുചിത്വ കാമ്പയിൻ നടത്തുന്നുണ്ടെന്ന് മഥുര മുനിസിപ്പൽ കമ്മീഷണർ ശശാങ്ക് ചൗധരി അറിയിച്ചു. ശുചിത്വ ക്യാമ്പയിനിലൂടെ നഗരം മൊത്തത്തിൽ നവീകരിക്കും.
മീരാ ഭായിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടിയും പാർലമെന്റ് അംഗവുമായ ഹേമാ മാലിനി അവതരിപ്പിക്കുന്ന നൃത്തനാടകം നടക്കും. മീരാ ഭായിയുടെ ജീവിതം കോർത്തിണക്കിയാണ് നൃത്തനാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ, വെറ്ററിനറി സർവ്വകലാശാല മീരാ ഭായിയുടെ ജീവിതത്തെ കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള പ്രമുഖ പണ്ഡിതന്മാർ പരിപാടിയിൽ പ്രഭാഷകരായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
മീരാഭായിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് യുപി ബ്രജ് തീർത്ഥ വികാസ് പരിഷത്ത് ഹേമമാലിനി അഭിനയിച്ച 1979-ൽ പുറത്തിറങ്ങിയ ‘മീര’ എന്ന ചിത്രത്തിന്റെ പ്രദർശനം 24-ന് നടത്തും. കൂടാതെ, ശുഭലക്ഷ്മി അഭിനയിച്ച 1947-ൽ പുറത്തിറങ്ങിയ ‘മീര’ എന്ന ചിത്രത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കും. നവംബർ 25-നാണ് ചിത്രത്തിന്റെ പ്രദർശനം.















