ഹരിവരാസനം എങ്ങനെ ശബരീശനെ പാടിയുറക്കുന്ന ​ഗീതമായി? അയ്യപ്പന്റെ ഉറക്കുപാട്ട് നൂറ്റാണ്ടിന്റെ നിറവിലേക്ക്

Published by
Janam Web Desk

ഭക്തരുടെ ദർശനമെല്ലാം കഴിഞ്ഞശബരിമല സന്നിധാനം അന്ധകാരത്തിലലിയുന്നു . വൃശ്ചികരാത്രികളുടെ തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്. ഇതിനിടെയിലാണ് പ്രകൃതി പോലും നിശബ്ദമാകുന്ന അന്തരീക്ഷത്തിൽ ഹരിവരാസനം മുഴങ്ങുന്നത്. ഗാന​ഗന്ധർവ്വൻ യേശുദാസിന്റെ മധുരസ്വരത്തിൽ ആ ഉറക്കുപ്പാട്ടിന്റെ താളത്തിൽ അലിയുകയാണ് ഭക്തിസാന്ദ്രമായ ഓരോ രാത്രിയും.

“ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യ നർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ”

ഹരിവരാസനം പാടി ഭ​ഗവാനെ ഉറക്കുകയായി. ശ്രീകോവിലിൽ മേൽശാന്തിയും കീഴ്ശാന്തിമാരും പരികർമികളും ചേർന്ന് കീർത്തനത്തിനിടെ വിളക്കുകൾ ഒന്നൊന്നായി അണയ്‌ക്കും, പിന്നാലെ സോപാനമിറങ്ങും. പ്രകൃതി പോലും നിശബ്ദമാകുന്ന ദിവ്യമായ സമയം. ഹരിവരാസനം എന്ന സ്തോത്രം അത് കേൾക്കുന്ന ഏതൊരാളെയും ഭക്തിയുടെ പാരാവശ്യത്തിലെത്തിക്കുമെന്നത് തീർച്ച. ഹരിവരാസനം കേട്ട് ഭഗവാൻ അയ്യപ്പൻ എത്തുന്ന അവസ്ഥക്ക് യോഗനിദ്ര എന്നാണ് പറയുക.

​ഗായകൻ യേശുദാസിന്റെ സ്വരത്തിലുള്ള ​ഗാനമാണ് സന്നിധാനത്ത് കേൾപ്പിക്കുന്നത്. ഇതിന് മുൻപ് അയ്യന് മുന്നിൽ ഹരിവരാസനം പതിവായി പാടിയിരുന്നത് ഇവിടുത്തെ പൂജാരിമാരാണെന്ന് പറയപ്പെടുന്നു.1975-ൽ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയ്‌ക്ക് വേണ്ടി മധ്യമാവതി രാ​ഗത്തിൽ യേശുദാസ് പാടിയ ​ഗാനമാണ് ഇന്ന് അയ്യനെ ഉറക്കുന്ന പാട്ടായി മാറിയത്.

‘ഹരിഹരസുധാഷ്ടകം’ എന്ന സംസ്കൃത ഹിന്ദു ഭക്തി​ഗാനത്തിലെ വരികളാണ് സിനിമയ്‌ക്കായി എടുത്തത്. കുഭംകുടി കുളത്തൂർ അയ്യരും സം​ഗീത സംവിധായകൻ ജി ദേവരാജനും ചേർന്നാണ് വരികളെ ​ഗാനമാക്കി മാറ്റിയത്. യേശുദാസിന്റെ ശബ്ദത്തിൽ ലോകം മുഴുവൻ കേൾക്കുന്ന ഉറക്കുപാട്ടിന്റെ പിറവി അവിടെ ആരംഭിക്കുകയായിരുന്നു.

ഹരിവരാസനം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പാട്ട് പാടുന്നതിന് പകരം ക്ഷേത്ര പരിസരത്ത് ഉച്ചഭാഷിണിയിൽ കേൾപ്പിക്കാമോ എന്ന സംശയം ഉയർന്നിരുന്നു. തുടർന്ന് യേശുദാസ് പാടിയ ഹരിവരാസനം എല്ലാ ദിവസവും അത്താഴപൂജയ്‌ക്ക് ശേഷം ശബരിമലയിൽ കേൾപ്പിക്കാൻ തീരുമാനമാവുകായിരുന്നു.പിന്നീട് സിനിമയിലേതിൽ നിന്ന് ചില ഭേദ​ഗതികളോടെ ശബരിമലയ്‌ക്കായി യേശുദാസ് വീണ്ടും ഹരിനരാസനം ആലപിച്ചു.

ഹരിവരാസനം ആരാണ് എഴുതിയതെന്നുള്ള ചോദ്യത്തിന്റെ ഉത്തരത്തിനായി പതിറ്റാണ്ടുകളോളം സഞ്ചരിക്കേണ്ടി വന്നു, കാത്തിരിക്കേണ്ടി വന്നു. രാമനാഥപുരം കുമ്പക്കുടി കുളത്തൂർ അയ്യരാണ് സംസ്കൃതത്തിൽ അയ്യപ്പനെ വർണിച്ച് ഹരിവരാസനം രചിച്ചതെന്നാണ് വിശ്വസിച്ചിരുന്നത്. 352 അ​​ക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ട് ശ്ലോകങ്ങളിലായാണ് ഇത് എഴുതിയിരുന്നത്. കുമ്പക്കുടി അയ്യരുടെതാണ് രചനയെന്ന് വിശ്വസിച്ച്പോരുകയായിരുന്നു.

എന്നാൽ 1963 ൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്ര ബുക്ക് ഡിപ്പോയിൽ നിന്ന് പുറത്തിറങ്ങിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ​ചില ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥിതി മാറി. ‘ഹരിഹരാത്മജാഷ്ടകം’ എന്ന തലക്കെട്ടിൽ ഈ സമാ​ഹാരത്തിന്റെ 78-ാം പേജിൽ ‘ഹരിവരാസനം’ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ രചിയിതാവ് എന്ന് കരുതിയ കുമ്പടി അയ്യരെ ‘സമ്പാദകൻ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാലപ്പഴക്കത്തിൽ സമ്പാദകൻ രചിതാവായതെന്ന് ഇതോടെ വ്യക്തമായി. പിന്നെയും ആരാണ് ഹരിവരാസനത്തിന് പിന്നിലെന്ന ചോദ്യം ആവർത്തിച്ചു.

ആലപ്പുഴ പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണ് ‘ഹരിവരാസനം അമ്മ എഴുതിയതാണെന്ന്’ ലോകത്തെ അറിയിച്ചത്. ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അന്തകൃഷ്ണ അയ്യരുടെ മകളാണ് ഹരിവരാസനം രചിച്ച ജാനകിയമ്മ. 1893-ലാണ് ജാനകിയമ്മയുടെ ജനനം. പിതാവിൽ നിന്ന് സംസ്കൃതത്തിന്റെ ബാലപാഠങ്ങളും അയപ്പമാഹാത്മ്യങ്ങളും കുഞ്ഞു ജാനകി ശീലമാക്കിയിരുന്നു.

1923-ൽ ആറാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരുന്ന സമയത്താണ് ഹരിവരാസനം എഴുതുന്നത്. തികഞ്ഞ അയ്യപ്പഭക്തയായ അവർ പിറന്ന കുഞ്ഞിന് അയ്യപ്പൻ എന്ന് പേരിടുകയും ചെയ്തു. കീർത്തനം എഴുതിയതിന് ശേഷം ജാനകിയമ്മ അത് പിതാവിനെ ഏൽപ്പിക്കുകയും അദ്ദേഹം അത് കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവെയ്‌ക്കുകയും ചെയ്തു. പിന്നീട് പുറക്കാട്ട് ശിവക്ഷേത്രത്തിലെ ഭജന പാടുന്നവരിലൊരാൾ ജാനകിയമ്മയിൽ നിന്ന് കീർത്തനം പകർത്തിയെഴുതി പഠിച്ചുവത്രേ.

കോന്നകത്ത് വീടിന്റെ തെക്കുവശത്തെ ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണ് ആദ്യമായി ഹരിവരാസനം പാടിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്വാമി അയ്യപ്പൻ സിനിമയിലൂടെ ഹരിവരാസനം ജനപ്രീതി നേടുന്നതിനിപ്പുറം 1972-ൽ ജാനകിയമ്മ വിഷ്ണുപാദം പൂകി. മക്കൾ പറഞ്ഞ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജാനകിയമ്മയാണ് ഹരിവരാസനം എഴുതിയതെന്ന് വിശ്വസിക്കുകയാണ് ലോകം. ശബരീശനെ ഇന്നും നിദ്രയിലാഴ്‌ത്തുന്ന ഹരിവരാസനത്തിന് നൂറ് വയസ് തികയുന്ന വർഷം കൂടിയാണിത്.

Share
Leave a Comment