പത്തനംതിട്ട: സുപ്രീം കോടതി ഉത്തരവിന് പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസ് വൈകിയാണ് പുറപ്പെട്ടത്. ബസിന് തകരാറ് കണ്ടതിനെ തുടർന്ന് വർക്ക്‌ഷോപ്പിൽ കയറ്റിയതിനാൽ താമസിച്ചാണ് പുറപ്പെട്ടത്. പത്തനംതിട്ടയിലെ ഒരു സംഘം നാട്ടുകാർ വൻ സ്വീകരണമാണ് ബസിന് നൽകിയത്. പൂമാലയും പഴക്കുലയും നോട്ടുമാലകളുമായാണ് നാട്ടുകാർ ബസിനെ എതിരേറ്റത്.
കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് തമിഴ്‌നാട് എംവിഡി പിടിച്ചെടുത്ത ബസ് ഇന്നലെ വൈകിട്ടാണ് ഉടമയ്‌ക്ക് വിട്ടുനൽകിയത്. എന്നാൽ ബസ് വിട്ടുകിട്ടാനായി ഉമയായ ഗിരീഷിന് 10,000 രൂപ പിഴയൊടുക്കേണ്ടതായി വന്നു. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയതെന്നായിരുന്നു എംവിഡിയുടെ വാദം.
ഇക്കഴിഞ്ഞ 19-നാണ് നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ നേരിട്ടെത്തിയാണ് ബസ് പിടിച്ചെടുത്തത്. ബസിന്റെ ഒറിജിനൽ രേഖകൾ പരിശോധിച്ച ശേഷം ബസ് ഗാന്ധിപുരം ഓഫീസിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഞായറാഴ്‌ച്ച പിടികൂടിയ ബസ് മൂന്ന് ദിവസത്തിന് ശേഷം വിട്ടു നൽകുമെന്നും തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് പറഞ്ഞിരുന്നു. രേഖകൾ പരിശോധിച്ച ശേഷം പതിനായിരം രൂപ പിഴ ഈടാക്കിയാണ് ഇപ്പോൾ ബസ് വിട്ടു നൽകിയിരിക്കുന്നത്.















