ബെയിജിംങ്: ചൈനയിൽ വ്യാപകമായി മുസ്ലീം പള്ളികൾ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ മറ്റ് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട്. ഇസ്‌ലാമിക ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വ്യവസ്ഥാപിത ശ്രമത്തിന്റെ ഭാഗമാണ് ഈ അടിച്ചമർത്തലെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ചൈനയിൽ ഏകദേശം 20 ദശലക്ഷം മുസ്ലീങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചൈനീസ് ഭരണകൂടം മതസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും മതസ്ഥാപനങ്ങൾക്കെതിരെ വിരുദ്ധ നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി കൈക്കൊള്ളുന്നത്. സമീപ വർഷങ്ങളിൽ മതത്തിനെതിരെയുള്ള അടിച്ചമർത്തൽ വർധിച്ചിട്ടുണ്ടെന്ന് നിരീക്ഷർ വ്യക്തമാക്കുന്നു. എന്നാൽ ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നത് ഗ്രാമീണരെ മാറ്റിപ്പാർപ്പിക്കുമ്പോഴാണ് പള്ളികൾ അടച്ചിടേണ്ടി വരുന്നതെന്നാണ്. ഇത് മുസ്ലീങ്ങളുടെ സാമ്പത്തിക ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നുവെന്നും ഭരണകൂടം വിശദീകരിക്കുന്നു. .
ചൈനയുടെ വടക്കുപടിഞ്ഞാറൻ സിൻജിയാങ് മേഖലയിൽ മുസ്ലീങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ വർദ്ധിച്ചുവരുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വയംഭരണ പ്രദേശമായ നിംഗ്‌സിയയിലെ മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ ലിയോഖിയാവോയിൽ, ആറ് പള്ളികളിൽ മൂന്നെണ്ണം പൊളിച്ചു കളയുകയും ബാക്കിയുള്ളവയ്‌ക്ക് രൂപമാറ്റംവരുത്തുകയും ചെയ്തു. 2020 മുതൽ നിംഗ്‌സിയയിലെ ഏകദേശം 1,300 പള്ളികൾ അടച്ചുപൂട്ടുകയോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്തതായി മുസ്‌ലിം പണ്ഡിതനായ ഹന്നാ തിക്കർ പറഞ്ഞു.
മുമ്പ് ചൈനയുടെ “ലിറ്റിൽ മക്ക” എന്ന് അറിയപ്പെട്ടിരുന്ന പ്രവിശ്യയിലെ ഒരു നഗരമായ ലിന്‌സിയയിൽ 16 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരെ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. കൂടാതെ മതപഠനം നടത്തുന്നതിനും നിരോധനമുണ്ടായിരുന്നു.
2018-ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പള്ളികളുടെ നിയന്ത്രണവും ഏകീകരണവും പരാമർശിക്കുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പള്ളികൾക്ക് നിയന്തണം ഏർപ്പെടുത്താൻ നിർദ്ദേശമുണ്ടായിരുന്നു. ആവശ്യമില്ലാത്തവ പൊളിച്ച മാറ്റാവും ബാക്കിയുള്ളവ രൂപ മാറ്റം വരുത്താനും സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. പള്ളികളുടെ നിർമ്മാണം, ലേഔട്ട്, ഫണ്ടിംഗ് എന്നിവ “കർശനമായി നിരീക്ഷിക്കണം”, രേഖയിൽ പറയുന്നു.