തൃശൂർ: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിരിക്കുന്നതിലൂടെ കോൺഗ്രസ് രാജ്യദ്രോഹ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ വ്യാജ തിരിച്ചറിയൽ കാർഡിനെതിരെ രംഗത്ത് വന്നിട്ടും വിഡി സതീശൻ അടക്കമുള്ള നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന തിരക്കിലാണ്. സംസ്ഥാന വ്യാപകമായി വ്യാജ കാർഡുണ്ടാക്കാൻ ട്രെയിനിംഗ് നടന്നിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ബിജെപിയുടെ കയ്യിലുള്ള തെളിവുകൾ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ലഭിച്ചതാണെന്നും കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് എംഎൽഎയും കർണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിന് പിന്നിലുള്ളത്. അടൂർ കേന്ദ്രീകരിച്ചാണ് ആദ്യം ഇതിന്റെ പ്രവർത്തനങ്ങൾ നടന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ കേരളാ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ശരിയായ രീതിയിലല്ല. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന മുഴുവൻ വ്യക്തികളും നിയുക്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായി വളരെ അടുപ്പമുള്ളവരാണ്. മദർ കാർഡ് ഉപയോഗിച്ച ടോമിൻ മാത്യുവിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. സിആർ കാർഡ് ആപ്പിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നില്ല. കാസർകോടുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിച്ചെന്ന പരാതിയിലും പോത്തൻകോട് നിർമ്മിച്ച വ്യാജ തിരിച്ചറിയൽ കാർഡിനെ സംബന്ധിച്ച് പോലീസിന് ബിജെപി തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരിൽ വിഡി സതീശന് നല്ല സ്വാധീനമുണ്ട്. അത് കൊണ്ട് നാടിനെ ബാധിക്കുന്ന പ്രശ്‌നത്തിൽ സമഗ്രമായ അന്വേഷണം പോലീസ് നടത്താൻ തയ്യാറാകണം.
തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമയ പരിധി കഴിഞ്ഞിട്ടും അത് പോലും നൽകിയിട്ടില്ല. പാലക്കാട് എംഎൽഎയെ ചോദ്യം ചെയ്താൽ കേസിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിക്കും. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന വ്യക്തികളെ കുറിച്ച് ബിജെപി നൽകിയ പരാതിയിൽ പറയുന്നുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ബിജെപിയുടെ കയ്യിലുള്ള തെളിവുകൾ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ലഭിച്ചതാണ്. ആ തെളിവുകൾ വിഡി സതീശനും രാഹുൽ ഗാന്ധിക്കും കെ സി വേണുഗോപാലിനും ഇതേ പ്രവർത്തകർ നൽകിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.















