ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച വയനാട് എംപി രാഹുലിനും കോൺഗ്രസിനുമെതിരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ദേശവിരുദ്ധനാണെന്നും രാജ്യത്തെ ജനങ്ങൾ ഇത് പൊറുക്കില്ലെന്നും ചൗഹാൻ തുറന്നടിച്ചു. ലോകകപ്പ് ഫൈനൽ വേളയിൽ രാജ്യമാകെ ദേശസ്നേഹം നിറഞ്ഞ് നിൽക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യ ജയിക്കണമെന്ന് രാജ്യമൊട്ടാകെ ആഗ്രഹിച്ചു. കായികം രാജ്യസ്നേഹത്തിന്റെ പ്രതീകമാണ്. എന്നാൽ, പ്രധാനമന്ത്രിയെ അവഹേളിക്കാനാണ് ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തെ രാഹുൽ ഉപയോഗിച്ചതെന്ന് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പോയാൽ അത് ജനങ്ങൾക്ക് അഭിമാനമാണ്. എന്നാൽ കോൺഗ്രസുകാർക്ക് പ്രധാനമന്ത്രി മോദിയെ ഭയമാണ്. ഇന്ത്യ ഒരു മത്സരത്തിൽ തോറ്റാൽ ആഘോഷിക്കാൻ തക്ക വെറുപ്പാണ് കോൺഗ്രസിന്. രാഹുലിന്റെ വാക്കുകൾ ദേശവിരുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബുദ്ധിമില്ലായ്മക്ക് ഇതിലും വലിയ ഉദാഹരണമില്ല. രാജ്യത്തെ ജനങ്ങൾ ഇത് പൊറുക്കില്ല. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ കോൺഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. പക്ഷെ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതിന് സമ്മതിച്ചില്ല. മഹാത്മാഗാന്ധി എന്തുകൊണ്ടാണോ അങ്ങനെ പറഞ്ഞത് അതിലേയ്‌ക്കാണ് രാഹുൽ നീങ്ങുന്നത്’.
‘രാഹുലും പ്രിയങ്ക വാദ്രയും നുണകളുടെ യന്ത്രങ്ങളാണ്. പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾ കൊണ്ടുവന്ന് കോടിക്കണക്കിന് ആളുകളുടെ ജീവിതം പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചു. എന്നാൽ, രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അടിസ്ഥാന മന്ത്രം പ്രീണനം എന്നത് മാത്രമാണ്. ഇവർ ഹിന്ദു ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രകൾ നിരോധിക്കുന്നു. ഉദയ്പൂരിൽ കനയ്യ ലാലിനെ തലയറുത്ത് കൊന്നു. ഇതിന് കാരണം കോൺഗ്രസ് സർക്കാരിന്റെ പ്രീണന നയമാണ്’- ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.















