റിയാദ്: ഫുട്ബോൾ മൈതാനത്ത് സാന്നിദ്ധ്യം കൊണ്ടുമാത്രം മാന്ത്രികത സമ്മാനിക്കാൻ സാധിക്കുന്ന ഇതിഹാസങ്ങളാണ് മെസിയും റോണോയും. അവർ ഒരിക്കൽക്കൂടി നേർക്കുനേർ വന്നാലോ..? ഇനിയൊരിക്കലും അവരെ മൈതാനത്ത് ഒരുമിച്ചു കാണില്ലെന്ന് വിചാരിച്ചവർക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. നേർക്കുനേർ പോരാട്ടങ്ങളിലെല്ലാം മറക്കാനാകാത്ത നിരവധി ഓർമകൾ ഇരുവരും ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. റിയാദ് സീസൺ കപ്പിലാണ് മെസിയുടെ ഇന്റർ മയാമിയും റൊണാൾഡോയുടെ അൽ നസ്‌റും ഏറ്റുമുട്ടുന്നത്. ഇത് സംബന്ധിച്ച് റിയാദ് സീസൺ കപ്പിന്റെ ഭാരവാഹികളാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഒരു സൗഹൃദ മത്സരമായിട്ടാവും ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക. ഇതിഹാസ താരങ്ങൾ അവസാനമായി ഏറ്റുമുട്ടുന്ന മത്സരങ്ങളിൽ ഒന്നാകും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാസ്റ്റ് ഡാൻസ് എന്ന പേരിൽ അറിയപ്പെടുന്ന മത്സരം 2024 ഫെബ്രുവരി 24-നാണ് നടക്കുക. ഈ വർഷം ജനുവരിയിൽ നടന്ന റിയാദ് സീസൺ കപ്പ് മത്സരത്തിലാണ് ഇരുതാരങ്ങളും അവസാനമായി നേർക്കുനേർ വന്നത്. സൗദി പ്രൊ ലീഗ് ഓൾ സ്റ്റാർസിന് വേണ്ടി റൊണോയും പിഎസ്ജിക്ക് വേണ്ടി മെസിയും കളിത്തിലിറങ്ങി്. 5-4ന് പിഎസ്ജിക്കായിരുന്നു വിജയം. റൊണാൾഡോ രണ്ടും മെസി ഒരു ഗോളും മത്സരത്തിൽ നേടി.