ചെന്നൈ: നടി തൃഷക്കെതിരെ അശ്ലീല പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. മൻസൂർ അലി ഖാനോട് ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിലാണ് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നടന് ഇന്നലെ സമൻസ് നൽകിയിരുന്നു. മോശം പരാമർശത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ ഇപ്പോഴും തന്റെ ഭാഗത്ത് തെറ്റില്ലെന്ന നിലപാടിൽ തന്നെയാണ് മൻസൂർ അലിഖാൻ ഉറച്ച് നിൽക്കുന്നത്.
സംഭവത്തിൽ ഒരിക്കലും മാപ്പ് പറയില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. താൻ തമാശ രൂപേണയാണ് പരാമർശം നടത്തിയത് എന്നായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള മൻസൂർ അലി ഖാന്റെ പ്രതികരണം. നിരവധി മുൻനിര നായികമാർക്കൊപ്പം താൻ അഭിനയിച്ചിട്ടുണ്ട്. അവർക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തിൽ തമാശയായിട്ടായിരുന്നു താൻ മറുപടി നൽകിയത്. ഇപ്പോൾ നടക്കുന്ന ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മൻസൂർ അലി ഖാൻ കഴിഞ്ഞദിവസം പറഞ്ഞു.
വിഷയത്തിൽ സ്വമേധയാ കെസെടുത്ത ദേശീയ വനിതാ കമ്മീഷൻ നിയമ നടപടി സ്വീകരിക്കാൻ ഡിജിപിയോട് നിർദ്ദേശിക്കുകയും ചെയ്തു. മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച കമ്മീഷൻ പരാമർശം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. വിഷയത്തിൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
വിഷയത്തിൽ സിനിമ ലോകം ഒന്നടങ്കം തൃഷയ്‌ക്ക് പിന്തുണ അറിയിച്ചു. സംവിധായകൻ ലോകേഷ് കനകരാജാണ് ആദ്യം പിന്തുണയുമായി എത്തിയത്. പിന്നാലെ നടികർ സംഘവും നടിക്ക് പിന്തുണയുമായെത്തി. നടി മാളവിക, ഗായിക ചിന്മയി തുടങ്ങിയ പ്രമുഖരും തൃഷയ്‌ക്ക് പിന്തുണ അറിയിച്ച് പരസ്യപ്രതികരണവുമായി രംഗത്തുവന്നു.