ലക്നൗ : ജമ്മു കശ്മീരിലെ രജൗരിയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനിക ക്യാപ്റ്റൻ ശുഭം ഗുപ്തയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ‘ ഈ വേളയിൽ ധീരനായ ക്യാപ്റ്റന്റെ കുടുംബാംഗങ്ങൾക്കൊപ്പമാണ് സർക്കാരെന്നും ‘ യോഗി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
മാത്രമല്ല ശുഭം ഗുപ്തയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും , കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് യോഗി വ്യക്തമാക്കി.ആഗ്ര ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നിന് ശുഭം ഗുപ്തയുടെ പേരിടുമെന്നും യോഗി പ്രഖ്യാപിച്ചു.
2015 ലാണ് ശുഭം ഗുപ്ത സൈന്യത്തിൽ ചേർന്നത് . ഉധംപൂരിലായിരുന്നു ശുഭമിന്റെ ആദ്യ പോസ്റ്റിംഗ്. സർക്കാർ അഭിഭാഷകനായ ബസന്ത് ഗുപ്തയാണ് പിതാവ്.അടുത്തയാഴ്ച്ച നാട്ടിലെത്തുമെന്ന് ശുഭം വീട്ടുകാരോട് പറഞ്ഞിരുന്നു . വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു കുടുംബം.