പട്‌ന: വധുവരന്മാരെ നിർബന്ധിതരാക്കി നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിനെ വിവാഹമായി കണക്കാൻ സാധിക്കില്ലെന്ന് പട്‌ന ഹൈക്കോടതി. ബലം പ്രയോഗിച്ച് സിന്ദൂരം ചാർത്തുന്നത് ഹിന്ദു നിയമങ്ങൾക്ക് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരനും വധുവും സ്വമേധയാ അഗ്നിക്ക് ചുറ്റും വലം വയ്‌ക്കുന്നതും വധുവിന്റെ ഇഷ്ടപ്രകാരം വരൻ സിന്ദൂരം ചാർത്തുന്നതിനെയുമാണ് വിവാഹമായി കണക്കാക്കുന്നത്. രവി കാന്ത് എന്ന കരസേന ഉദ്യോഗസ്ഥൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
10 വർഷങ്ങൾക്ക് മുമ്പ്് ബിഹാറിൽ നിന്നും രവികാന്തിനെ തട്ടികൊണ്ടുപോയി നിർബന്ധിത വിവാഹത്തിന് ഇരയാക്കിയിരുന്നു. തോക്കിൻ മുനയിൽ നിർത്തിയായിരുന്നു അന്ന് രവികാന്തിന്റെ വിവാഹം നടന്നത്. നിർബന്ധത്തിന് വഴങ്ങി വധുവിന്റെ നെറ്റിയിൽ സിന്ദൂരവും ചാർത്തേണ്ടിവന്നു ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഹിന്ദു ആചാരങ്ങൾ പ്രകാരം വധുവരന്മാർ സ്വമേധയാ അഗ്നിക്ക് ചുറ്റും 7 തവണ വലം വയ്‌ക്കുന്നതും, സ്വമേധയാ വധുവിന്റെ നെറ്റിയിൽ സിന്ദൂരം അണിയുന്നതും താലി കെട്ടുന്നതും മാത്രമേ വിവഹാമായി കണക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.















