ശബരിമല: മണ്ഡലകാല ദർശനത്തിനായി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷയ്‌ക്കായി അഗ്‌നിശമന സേനയും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം- പമ്പ കൺട്രോൾ റൂമുകൾക്ക് കീഴിലായി 14 ഫയർ പോയിന്റുകളും കൂടാതെ നിലയ്‌ക്കൽ മുതൽ കാളകെട്ടി വരെ 25 ഫയർ പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഫയർ പോയിന്റുകളിലായി 295 അഗ്നിശമനസേനാംഗങ്ങളെ ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
സുരക്ഷിതമായ മണ്ഡലകാലത്തിനായി അയ്യപ്പന്മാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
1, ജലാശയ അപകടം
* ദർശനത്തിനായി സന്നിധാനത്ത് എത്തിയ ഭക്തർ പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി കുളിക്കാതിരിക്കുക
* പമ്പ സ്‌നാന കടവിൽ ഇറങ്ങുന്ന അയ്യപ്പന്മാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികളായ അയ്യപ്പന്മാരെ പ്രത്യേകം ശ്രദ്ധിക്കണം
* അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന ഇടങ്ങളിൽ ഇറങ്ങാതെ ഇരിക്കുക
* അപകടം ശ്രദ്ധയിൽ പെട്ടാൽ 101 നമ്പറിലോ അടുത്തുള്ള ഫയർ പോയിന്റിലോ വിവരം അറിയിക്കുക
2, തീ പിടുത്ത അപകടം
* എൽപിജി സിലിണ്ടർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ആവശ്യത്തിനുള്ള സിലിണ്ടർ മാത്രം സ്ഥാപനത്തിൽ സൂക്ഷിക്കുക; സ്റ്റോക്കിലുള്ളവ ഗോഡൗണിൽ സൂക്ഷിക്കുക
* എൽപിജി സിലിണ്ടറുകൾ ചൂട് തട്ടാതെയും പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവയിൽ നിന്നും അകലത്തിലും സൂക്ഷിക്കുക
* കച്ചവട സ്ഥാപനങ്ങളിൽ തീപിടുത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക
*വനത്തിന് സമീപം ഉള്ള കച്ചവടക്കാർ കടയ്‌ക്ക് ചുറ്റും ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക
* സംരക്ഷണ വന മേഖലയിലേക്ക് കയറുവാനോ കാടിനുള്ളിൽ വച്ച് ഭക്ഷണം പാകം ചെയ്യാനോ തീർത്ഥാടകർ ശ്രമിക്കരുത്
* സന്നിധാനത്തെത്തുന്ന ഭക്തർ പടക്കങ്ങൾ കയ്യിൽ കരുതുവാനോ പൊട്ടിക്കുവാനോ പാടില്ല
3, തിരക്കുമൂലമുള്ള അപകടം
* അനാവശ്യ തിരക്ക് ഉണ്ടാക്കാതെ ഇരിക്കുക. ദർശനത്തിനുള്ള ക്യുവിൽ സാവധാനത്തിൽ നീങ്ങുക
* ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മെഡിക്കൽ സംഘത്തിന്റെ സഹായം തേടുക
*ആഴിയുടെ സമീപം സുരക്ഷിതമായ അകലം പാലിക്കുക
* മകരവിളക്ക് ദർശനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക, ഉയർന്ന മരച്ചില്ലകളും അപകടകരമായ പ്രദേശങ്ങളും ഒഴിവാക്കുക.