തൃശൂർ: വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയത് പതിനായിരങ്ങൾ. ഉദയാസ്തമയ പൂജയോടെയായിരുന്നു ഏകാദശി ആഘോഷം ആരംഭിച്ചത്. രാവിലെ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. ബൽറാം ഗുരുവായൂരപ്പന്റെ ചിത്രവും ഗോപികണ്ണൻ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ച് അണിനിരന്നു.
ഗജരാജൻ ഗുരുവായൂർ കേശവന് ദേവസ്വത്തിലെ ഗജവീരന്മാർ രാജകീയ പ്രണാമം അർപ്പിച്ചു. ശ്രീവത്സം ഇന്ദ്രസെൻ പ്രതിമയ്‌ക്ക് മുൻപിൽ തുമ്പിക്കൈ ഉയർത്തി പ്രണാമം അർപ്പിച്ചു. കൊമ്പൻമാരായ രവികൃഷ്ണനും വിഷ്ണുവും പറ്റാനകളായി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി. ഗജഘോഷയാത്ര പുതിയ മേൽപ്പാലത്തിലൂടെ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി. തുടർന്ന് കിഴക്കേ നടയിൽ ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ വണങ്ങി തീർത്ഥക്കുളം പ്രദക്ഷിണം വച്ചു.
രാവിലെ മുതൽ ദർശനത്തിന് വൻ തിരക്കായിരുന്നു. കിഴക്കെ നടപ്പന്തലും സത്രം വളപ്പും പിന്നിട്ട് തെക്കെ ഔട്ടർ റിംഗ്‌റോഡിൽ പന്തായിൽ അയ്യപ്പക്ഷേത്രത്തിന് സമീപം വരെ എത്തിയിരുന്നു ദർശനത്തിനുള്ള വരി. രാവിലെ ആറുമുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ വരിയിൽ നിന്നവരെ മാത്രമാണ് ക്ഷേത്രദർശനത്തിന് അനുവദിച്ചത്. വിഐപികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ഉച്ചയ്‌ക്ക് രണ്ടിന് ശേഷമാണ് ദർശനം അനുവദിച്ചത്.
ദശമി ദിനമായിരുന്ന ബുധനാഴ്ച പുലർച്ചെ മൂന്നിന് തുറന്ന തിരുനട ക്ഷേത്രനട ദ്വാദശിപ്പണ സമർപ്പണത്തിന് ശേഷം ഇന്ന് രാവിലെ എട്ടിന് നട അടയ്‌ക്കും. തുടർന്ന് ശുദ്ധിച്ചടങ്ങുകൾ പൂർത്തിയാക്കി ഒമ്പതിന് നടതുറക്കും. ഭക്തർക്ക് ദർശനം അനുവദിക്കുമെങ്കിലും നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. നാളെ ത്രയോദശി ചടങ്ങുകളോടെ ഈ വർഷത്തെ ഏകാദശി ആഘോഷങ്ങൾക്ക് സമാപനമാകും.















