തിരുവനന്തപുരം; വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിക്കായി കീ ജയിക്കാന്‍ പെരിവെയിലത്ത് ഇറക്കി നിര്‍ത്തിയതിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി അധികൃതര്‍. നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം. തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്‌കൂളുകളിലാണ് നിര്‍ദ്ദേശം. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചിറയിന്‍കീഴ് താലൂക്ക് ഓഫിസില്‍ നിന്നാണ് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം.
അടുത്തമാസം 21നാണ് ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കുന്നത്. വിദ്യാലയങ്ങള്‍ക്കു മുന്നില്‍ സ്ഥാപിക്കേണ്ട ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ മാതൃകയും പ്രഥമാധ്യാപകര്‍ക്ക് ഇ-മെയില്‍ അയച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ചിത്രമാണ് ഏറ്റവും വലുതായി വേണ്ടത്. മണ്ഡലത്തിലെ എം.എല്‍.എയായ വി.ശശിയുടെ ചിത്രവും ചെറുതാക്കരുത്. മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ ചെറുതായി മതിയെന്നാണ് നിര്‍ദ്ദേശം.
ഈ മണ്ഡലങ്ങളിലെ നവകേരള സദസ്സ് ജോയിന്റ് കണ്‍വീനറാണ് ഉത്തരവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അയച്ചത്. അവര്‍ ഉത്തരവ് പ്രഥമാദ്ധ്യാപകര്‍ക്കു കൈമാറി. ചിറയിന്‍കീഴ് മണ്ഡലത്തിലെ എല്ലാ ഓഫിസുകള്‍ക്കു മുന്നിലും ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ചെലവാകുന്ന തുക സ്‌കൂള്‍ ഫണ്ടില്‍ നിന്നു അദ്ധ്യാപകര്‍ തന്നെ കണ്ടെത്തണം.