മലപ്പുറം: ചികിത്സയിൽ വീഴ്ച വരുത്തിയതിന് സ്വകാര്യ ആശുപത്രിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. താനാളൂർ സ്വദേശി കുഞ്ഞിമുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
2017 ഒകക്ടോബർ 17-നാണ് പരാതിക്കാരൻ മലദ്വാരത്തിനടുത്ത് വേദനയും പ്രയാസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുന്നത്.
പഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തി മൂന്ന് ദിവസത്തിന് ശേഷം പരാതിക്കാരനെ ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കാണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ പരാതിക്കാരന് വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ആശുപത്രിയിലെത്തിയെങ്കിലും ചികിത്സിച്ച ഡോക്ടർക്ക് അന്ന് ശസ്ത്രക്രിയയുള്ള ദിവസമായതിനാൽ പരാതിക്കാരനെ പരിശോധിച്ചില്ല. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി അഡ്മിറ്റാവുകയായിരുന്നു. വീണ്ടും പരാതിക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പഴുപ്പ് നീക്കം ചെയ്തുവെങ്കിലും ആദ്യ ശസ്ത്രക്രിയയിൽ ആ ഭാഗത്തെ പേശിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരുന്നതായി കണ്ടെത്തി. ശാരീരിക പ്രവർത്തനങ്ങൾ സാധാരണഗതിയിൽ നടക്കാത്തതിനാൽ കൃത്രിമ സഞ്ചി ഉപയോഗിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേയും കോഴിക്കോട്ടേയും മെഡിക്കൽ കോളേജുകളിൽ എത്തിയെങ്കിലും പരിഹാരമാർഗങ്ങളില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ചികിത്സയിൽ പിഴവ് സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറെ സമീപിച്ചപ്പോൾ പരിശോധിക്കാതിരുന്നതും പരിഗണന നൽകാതിരുന്നതും ഡോക്ടറുടെയും ആശുപത്രിയുടെയും വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി. 32 വയസ് പ്രായമുള്ള പരാതിക്കാരനാണ് ഈ ദുരവസ്ഥ ഉണ്ടായത്. നിർമ്മാണ തൊഴിലാളി ആയിരുന്നു ഇയാൾ. ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം പരാതിക്കാരന് തൊഴിലെടുക്കാനും കഴിയുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
നഷ്ടപരിഹാരമായി നാല് ലക്ഷം രൂപയും ചികിത്സാ ചെലവിലേക്ക് ആറ് ലക്ഷം രൂപയും കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണമെന്ന് കമ്മീഷൻ വിധിച്ചു. ഒരു മാസത്തിനകം വിധിസംഖ്യ നൽകാത്ത പക്ഷം ഒൻപത് ശതമാനം പലിശ വിധിയായ തീയതി മുതൽ നൽകണം.