ലക്‌നൗ: രാജ്യം വെല്ലുവിളികൾ നേരിട്ട സമയങ്ങളിൽ അതിനെ താങ്ങി നിർത്തുന്നതിൽ മഥുര, ബ്രജ് മേഖലകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ എല്ലാ ഭാഗത്തും വികസനം കൊണ്ടുവരുന്ന തിരക്കിനിടിയിൽ മഥുരയെയും ബ്രജിനെയും ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഥുരയിൽ സംഘടിപ്പിച്ച ബ്രജ് രാജ് ഉത്സവത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭാരതം എന്നും സ്ത്രീ ശക്തിയെ ആദരിക്കുന്ന രാജ്യമാണ്. രാഷ്‌ട്ര നിർമ്മാണത്തിനും സമൂഹത്തിന് മുന്നോട്ടുള്ള വഴിയൊരുക്കുന്നതിനും സ്ത്രീകൾ നിരവധി സംഭാവനകളാണ് നൽകിയിട്ടുള്ളത്. രാജ്യം എന്നും അവരെ ആദരിക്കുന്നു. അതിന് ഉദാത്തമായ ഉദാഹരണമാണ് മീരാബായ്. മീരാബായിയും ഗുജറാത്തുമായുള്ള ബന്ധം വളരെ സുപ്രധാനമാണ്. മീരാഭായിയുടെ അവസാന നാളുകളിൽ ഗുജറാത്തിലെ ദ്വാരകയിലാണ് താമസിച്ചിരുന്നത്.
രാജസ്ഥാനിലെ വീരഭൂമിയിൽ ജനിച്ച മീരാബായി ഭക്തിയും ആത്മീയതയും പകർന്ന് രാജ്യത്തെ ഉന്നതിലേക്ക് കൈപിടിച്ചുയർത്തിയ വ്യക്തിയാണ്. ഇത് സാധാരണ ഭൂമിയല്ല. സ്നേഹത്തിന്റെ യഥാർത്ഥ രൂപമാണിവിടം. മഥുരയും ബ്രജും ഇപ്പോൾ വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. 2014-ൽ വാരാണസിയിൽ എംപിയായപ്പോൾ മുതൽ താൻ ഉത്തർപ്രദേശിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















