ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഡിജിപി രശ്മി രഞ്ജൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സൈനികരുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാരുൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ എംവി പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം ഗുപ്ത, ഹവിൽദാർ അബ്ദുൾ മജീദ്, ലാൻസ് നായിക് സഞ്ജയ് ബിഷ്ത്, പാരാട്രൂപ്പർ സച്ചിൻ ലോർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
കാലകോട്ട് മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തത്. കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. 31 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും 14 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.















