തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിലാഴ്‌ത്തി വിരുന്നെത്തിയ ടി20ക്ക് മഴ വില്ലനാവുമോ എന്ന ആശങ്കയില്‍ ആരാധകര്‍. രണ്ടാം ടി20ക്കായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ന് തലസ്ഥാനത്ത് എത്തും. ലോകകപ്പിന് മുന്നോടിയായി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന സന്നാഹ മത്സരങ്ങള്‍ മഴ കവര്‍ന്നെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും തലസ്ഥാനത്ത് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
വൈകിട്ട് ആറരയോടെ വിമാനമിറങ്ങുന്ന ടീമുകള്‍ നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഞായറാഴ്ച വൈകിട്ടാണ് മത്സരം. നാലാമത്തെ അന്താരാഷ്‌ട്ര ട്വന്റി 20 മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്.
ടീം ഇന്ത്യക്ക് ഹയാത്ത് റീജന്‍സിയിലും ഓസീസിന് വിവാന്ത ബൈ താജിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ഓസ്‌ട്രേലിയന്‍ ടീമും അഞ്ച് മണി മുതല്‍ എട്ട് മണി വരെ ടീം ഇന്ത്യയും പരിശീലനത്തിനിറങ്ങും.
വിശാഖപട്ടണം വേദിയായ ആദ്യ ട്വന്റി 20യില്‍ ടീം ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പേടിഎം ഇന്‍സൈഡര്‍ വഴി ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങാം. വിദ്യാര്‍ത്ഥികള്‍ക്ക് 375 രൂപയും
മുതിര്‍ന്നവര്‍ക്ക് ജി.എസ്.ടി അടക്കം 750 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍.സ്‌പോര്‍ട്‌സ് 18 ചാനലിലാണ് ഇന്ത്യയില്‍ മത്സരങ്ങള്‍ ലഭ്യമാവുക. ജിയോ സിനിമയിലും മത്സരം തത്സമയം കാണം.















