ഇടുക്കി: കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരിക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ആസാദ്, അജീഷ് എന്നിവർക്കെതിരെ ആണ് നടപടി. പോലീസുകാർക്ക് വീഴ്ചയുണ്ടായതായി കട്ടപ്പന ഡിവൈഎസ്പി ഇടുക്കി എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ 21 നായിരുന്നു സംഭവം നടന്നത്. കട്ടപ്പനയിൽ പിക്കപ്പ് വാൻ ഇടിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാതെ പോവുകയായിരുന്നു പോലീസുകാർ. പിന്നാലെ എത്തിയ പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വിമുഖത കാട്ടിയത്.
കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം നടന്നത്. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി (23) എന്നിവർക്കാണ് പരിക്കേറ്റത്. പള്ളിക്കവലയ്‌ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബൈക്കിൽ ടൗണിലേയ്‌ക്ക് വരികയായിരുന്ന യുവാക്കളെ തെറ്റായ ദിശയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽപെട്ട യുവാക്കളെ നാട്ടുകാർ ഓടിക്കൂടി താങ്ങിയെടുക്കുന്നതിനിടെ പോലീസ് ജീപ്പ് അതുവഴിയെത്തി. എന്നാൽ ആശുപത്രിയിൽ എത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേയ്‌ക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാൻ പോലീസുകാർ വിസമ്മതിക്കുകയായിരുന്നു.