വയനാട്: പെരിയ വരയാലിൽ നായാട്ട് സംഘം വനപാലകരെ ആക്രമിച്ചു. വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെയാണ് നായാട്ട് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ വയനാട് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരായ വിപിൻ കെ.വി, സുനിൽ കുമാർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചന്ദനത്തോട് വനമേഖലയിൽ നായാട്ട് സംഘം ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് ജീവനക്കാർ പരിശോധനക്കായി എത്തിയത്. വനപാലകർ ബൈക്കിൽ വരുന്നത് കണ്ട നായാട്ട് സംഘം കാർ കൊണ്ട് ഇടിപ്പിക്കുകയായിരുന്നു.
പ്രതികൾക്കെതിരെ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്ത് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വധശ്രമത്തിന് തലപ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രതികൾ പുള്ളിമാനെ വെടിവെച്ചുകൊന്ന് കടത്തിയതായാണ് വനപാലകരുടെ നിഗമനം.