ചെന്നൈ: മൻസൂർ അലിഖാന്റെ മാപ്പ് അംഗീകരിച്ചതായി സൂചിപ്പിച്ച് തൃഷ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് തൃഷ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘തെറ്റ് മാനുഷികം, ക്ഷമ ദൈവീകം’ എന്നാണ് താരം കുറിച്ചത്. നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ അവരോട് മാപ്പ് പറയുന്നുവെന്ന് മൻസൂർ അലി ഖാൻ പോലീസിൽ മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു നടന്റെ ഖേദ പ്രകടനം.
To err is human,to forgive is divine🙏🏻
— Trish (@trishtrashers) November 24, 2023
വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന സിനിമയിലാണ് മൻസൂർ അലി ഖാനും നടി തൃഷയും ഒരുമിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് താരം തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയാണ് നായിക എന്നറിഞ്ഞപ്പോൾ കിടപ്പറ രംഗമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു മൻസൂർ അലി ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു താരത്തിന്റെ വാദം.
ഇതോടെ നടി തൃഷ തന്നെ നടനെതിരെ രംഗത്തു വന്നിരുന്നു. മൻസൂർ അലി ഖാനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. ദേശീയ വനിതാ കമ്മീഷനും നടനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടൻ മാപ്പ് പറഞ്ഞത്.