എറണാകുളം: വിദ്യാർത്ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കരിക്കുലത്തിന് പുറമെയുള്ള കാര്യങ്ങളിൽ ഉത്തരവിറക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ നവകേരള സദസിന് പങ്കെടുപ്പിച്ചതിനെതിരായുള്ള ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
നവകേരള സദസിൽ ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കാളാഴ്ചയോടെ പിൻവലിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നവകേരള സദസിനായി സ്‌കൂൾ ബസുകളും വിട്ടുകൊടുക്കണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.















