തിരുവനന്തപുരം: പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണക്കേസ് പ്രതി. ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ചതിനെ തുടർന്ന് പിടിയിലായ കുന്നപ്പുഴ ഞാലിക്കോണം സ്വദേശി ശ്രീകുമാർ ആണ് സ്‌റ്റേഷനിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.
ഇന്നലെയാണ് പേരൂർക്കട ശ്രീവത്സം ഫ്‌ളാറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ബാറ്ററി ശ്രീകുമാർ മോഷ്ടിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്. സ്‌റ്റേഷനിലെ ബാത്ത്‌റൂമിലുണ്ടായിരുന്ന കണ്ണാടി ഇയാൾ തല കൊണ്ട് പൊട്ടിക്കുകയും വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു.
പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ പോലീസുകാർ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ലഹരി മരുന്ന് കേസിലെ പ്രതികൂടിയാണ് ഇയാൾ. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.















