തിരുവനന്തപുരം: ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. മലയാളിയായ പ്രതിയെ മഹാരാഷട്ര എടിഎസ് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. ഇ-മെയിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. ബിറ്റ്‌കോയിനിലേക്ക് ഒരു മില്യൺ ഡോളർ നൽകണം. അല്ലാത്ത പക്ഷം ്‌വിമാനത്താവളത്തിന്റെ ടെർമിനൽ 2 ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഭീഷണി സന്ദേശം വന്നതിന് പിന്നാലെ മുംബൈ എടിഎസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ എടിഎസ് കണ്ടെത്തിയത്. എന്നാൽ ഇയാളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഐപിസി 38, 505 (1) (ബി) വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈയിൽ എത്തിക്കുന്ന പ്രതിയെ സഹാർ പോലീസിന് കൈമാറുമെന്നും എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നാണ് മഹാരാഷ്‌ട്രയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം. അടുത്ത കാലത്താണ് വിമാനത്താവളം സാങ്കേതിക സംവിധാനം അടക്കം കൊണ്ടുവന്ന് വിപൂലീകരിച്ചത്.















