ദിവസങ്ങളായി അനിശ്ചിതത്വത്തിൽ തുടരുകയാണ് ഓപ്പൺ എഐ. കമ്പനിയിൽ നിന്നും അപ്രതീക്ഷമായാണ് സിഇഒ സാം ആൾട്ട് മാനെ പുറത്താക്കിയത്. എന്നാൽ തൊട്ട് പിന്നാലെ തന്നെ ഇദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തു. അതോടെ ആൾട്ട്മാനെ പിരിച്ചുവിട്ട ഡയറക്ടർ ബോർഡിനെ പുറത്താക്കുകയും ചെയ്തിരുന്നു. ജീവനക്കാരുടെയും പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റിന്റേയും പിന്തുണയോടെയാണ് ആൾട്ട് മാനെ തിരിച്ചെത്തിച്ചത്.
ഇപ്പോഴിതാ കമ്പനിയിലെ ഗവേഷകർ കമ്പനിക്ക് അയച്ച കത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഓപ്പൺ എഐ പുതിയതായി വികസിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയായ ‘പ്രൊജക്ട് ക്യൂ സ്റ്റാർ’ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുമെന്ന് ഗവേഷകർ ഡയറക്ടർ ബോർഡിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് സാം ആൾട്ട്മാനെ പുറത്താകുന്നത് വരെ എത്തിയതെന്നാണ് സൂചന. ഈ പദ്ധതിയിലൂടെ എഐയ്‌ക്ക് മനുഷ്യബുദ്ധിയോട് സാമ്യമുള്ള കൂടുതൽ കഴിവുകൾ ലഭിക്കും. അത് ശാസ്ത്ര ഗവേഷണങ്ങളിൽ ഉപയോഗിക്കാനാവുകയും കഴിയും.
എഐ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കകളാണ് ഗവേഷകർ ബോർഡിന് അയച്ച കത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ശാസ്ത്ര ഗവേഷണ ജോലികൾ ഉൾപ്പടെ ചെയ്യാനാവുന്ന വിധത്തിൽ നിലവിലുള്ള എഐയുടെ ശേഷി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഓപ്പൺ എഐ. ഇതിനായുള്ള ഒരു ‘എഐ സൈന്റിസ്റ്റ്’ ടീമിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും ഗവേഷകർ അയച്ച കത്തിൽ പറയുന്നു.















