ഡൽഹി: ആഗോള പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ കൂടാതെ പരിഹാരം കാണുക അസാധ്യമെന്ന് നോർവീജിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രിയാസ് മോട്ട്‌സ്‌ഫെൽഡ് ക്രാവിക്. കുറച്ച് നാളുകൾ കൊണ്ട് തന്നെ ഭാരതം ആഗോള ശക്തിയായി മാറി. നോർഡിക് ഉച്ചകോടിയിലെ പ്രധാനപ്പെട്ട വിഷയങ്ങൾക്കെല്ലാം ഭാരതമാണ് പരിഹാരം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകം നേരിടുന്ന അടിസ്ഥാന വിഷയങ്ങളായ കാലാവസ്ഥാ പ്രശ്‌നം, ലോക രാഷ്‌ട്രങ്ങൾക്കിടയിലെ ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ, അന്താരാഷ്‌ട്ര നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയ്‌ക്കെല്ലാം കൃത്യമായ പരിഹാരം കാണുന്നതിൽ ഇന്ത്യയ്‌ക്ക് വലിയ പങ്കുണ്ട്. നോർവേ-ഇന്ത്യ ബന്ധം ഫലപ്രദമായി കൊണ്ടു പോകുന്നതിൽ ഇരു രാഷ്‌ട്രങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. നോർവേയുടെ മുഖ്യ പങ്കാളിയായിരിക്കും ഇന്ത്യ എന്നും ക്രാവിക് വ്യക്തമാക്കി.
ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ നോർവേ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാത്ത് നോർവേയിലേക്ക് ക്ഷണിച്ചു. അടുത്തവർഷം ഓസ്ലോവിൽ നടക്കുന്ന നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും നോർവേ വിദേശകാര്യ മന്ത്രി പറഞ്ഞു.