ടെൽ അവീവ്: വെടിനിർത്തൽ കരാറിന്റെ ഭാഗമായി തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്ന പ്രക്രിയയ്‌ക്ക് തുടക്കമിട്ട് ഹമാസ്. 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 13 ഇസ്രായേലി പൗരന്മാരും, 10 തായ്‌ലൻഡ് പൗരന്മാരേയും 1 ഫിലിപ്പീൻസ് പൗരനേയുമാണ് മോചിപ്പിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. റെഡ്‌ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്.
റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് ഇസ്രായേൽ പൗരന്മാരെ എത്തിച്ചത്. ഇതിന് ശേഷമാണ് ഇവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറിയത്. വിട്ടയയ്‌ക്കപ്പെട്ടവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയ ശേഷം വീടുകളിലേക്ക് തിരികെ എത്തിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നാല് ദിവസത്തെ വെടിനിർത്തലിന് പകരമായി 50 ബന്ദികളെ വിട്ടയയ്‌ക്കണമെന്നാണ് കരാറിൽ പറയുന്നത്.
അതേസമയം തായ്, ഫിലിപ്പീൻസ് പൗരന്മാരെ മോചിപ്പിച്ചത് ഇസ്രായേൽ-ഹമാസ് കരാറിന്റെ ഭാഗമായിട്ടല്ലെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പറഞ്ഞു. ഈജിപ്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ബന്ദികളെ തിരികെ എത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ഐഡിഎഫ് പൂർത്തിയാക്കിയിരുന്നു. കരാറിന്റെ ഭാഗമായി ഇസ്രായേലി ജയിലുകളിൽ തടവിൽ കഴിയുന്ന 39 പാലസ്തീൻകാരേയും മോചിപ്പിച്ചിട്ടുണ്ട്.















