ഭൂമിയുടെ കാന്തികമധ്യരേഖയ്‌ക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഭൂപ്രദേശമാണ് തിരുവനന്തപുരം ജില്ലയിലെ തുമ്പ. ബഹിരാകാശ മേഖലയിലേക്ക് ഇന്ത്യ ചുവടുവെച്ചത് തുമ്പയുടെ മണ്ണിൽ നിന്നാണ്. കൃത്യമായി പറഞ്ഞാൽ 1963 നവംബർ 21-നാണ് ഇന്ത്യയുടെ ആദ്യ സൗണ്ടിംഗ് റോക്കറ്റായ ‘നിക് അപ്പാച്ചെ’ വിക്ഷേപിച്ചത്. ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പ് അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു.
ഇന്ന് ആഗോള തലത്തിൽ പോലും ഭാരതതവും ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പുകളും ചർച്ച ചെയ്യപ്പെടുമ്പോൾ, വിദേശ ബഹിരാകാശ ഏജൻസികൾ ഇന്ത്യയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിക്കുമ്പോൾ, രാജ്യത്തിന്റെ വളർച്ചയുടെ ഗ്രാഫ് വ്യക്തമാണ്. ബഹിരാകാശ മേഖലയിലേക്ക് ഇന്ത്യ കാൽവെച്ചതിന്റെ ഓർമ്മ പുതുക്കുകയാണ് ഇസ്രോ.
വിപുലമായ പരിപാടികൾക്കാണ് ഇസ്രോ പദ്ധതിയിടുന്നത്.റോക്കറ്റ് വിക്ഷേപണം പിറവിയെടുത്തതിന്റെ സ്മരണയ്‌ക്കായി ഇന്ന് തുമ്പയിൽ നിന്ന് റോക്കറ്റ് വിക്ഷേപിക്കും. വിക്ഷേപണത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏകദേശം 3.5 മീറ്റർ നീളമുള്ള റോക്കറ്റാകും വിക്ഷേപിക്കുക. നാളെ രാവിലെ 10.25-ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ രോഹിണി സീരിസിന് കീഴിലുള്ള RH200-സൗണ്ടിംഗ് റോക്കറ്റാകും കുതിച്ചുയരുക. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. വിക്ഷേപണത്തിന് ശേഷം പ്രമേയ പ്രദർശനവും ശാസ്ത്രജ്ഞരുടെ സാങ്കേതിക ചർച്ചകളും ഉണ്ടായിരിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ആരംഭ കാലഘട്ടത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ വിക്ഷേപണം കാണാൻ ക്ഷണിക്കും. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടാകും.
ഇന്നത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം അരനൂറ്റാണ്ട് മുൻപ് ക്രിസ്ത്യൻ ദേവാലയമായിരുന്നു. ശാസ്ത്രീയമായി ഏറെ പ്രത്യേകതകളുള്ള പ്രദേശത്തിന്റെ കണ്ണായ സ്ഥലത്തായിരുന്നു സെൻറ് മേരി മഗ്ദലന പള്ളിയും സ്ഥലവും. ബിഷപ് പീറ്റർ ബെർണാഡ് പെരേരയുടെ കൃത്യമായ ഇടപെടലാണ് തുമ്പ വിക്ഷേപണ കേന്ദ്രം പിറവിയെടുക്കാൻ കാരണായത്. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്ദുൽകലാം ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം അവിടെയെത്തുകയും സ്ഥലം രാജ്യത്തിന് വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു. വിശ്വാസികളുമായി ചർച്ച ചെയ്ത് ബിഷപ്പ് അവരെ കൊണ്ട് സ്ഥലം വിട്ടുനൽകാൻ സമ്മതിപ്പിക്കുകയായിരുന്നു.
വൈകാതെ തന്നെ ഇവിടുണ്ടായിരുന്ന ഗ്രാമം മറ്റൊരു ഗ്രാമത്തിലേക്ക് കുടിയേറി. 100 ദിവസം കൊണ്ട് ആ ഗ്രാമത്തിൽ പുതിയ പള്ളി ഉയർന്നു. തുമ്പയിലെ പള്ളി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ വർക് ഷോപ്പായും ബിഷപ്പിന്റെ വസതി ഓഫീസായും മാറി. ഈ പള്ളി ഇപ്പോൾ സ്പേസ് മ്യൂസിയമായി പ്രവർത്തിക്കുന്നു. കടൽത്തീരത്ത് റോക്കറ്റ് വിക്ഷേപണത്തറയും സജ്ജമാക്കി. അങ്ങനെ തുമ്പയിൽ ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ ‘തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ'(TERLS) സ്ഥാപിക്കപ്പെട്ടു.















