തിരുവനന്തപുരം: മത്സ്യ തൊഴിലാളികളുടെ വരുമാനം ഉയർത്താൻ ജെല്ലി ഫിഷുകൾക്ക് കഴിയുമെന്ന് കണ്ടെത്തൽ. മത്സ്യബന്ധനത്തിൽ തൊഴിലാളികൾ ഏറ്റവും കൂടുതൽ ശല്യമായി കണ്ടിരുന്ന ഒന്നാണ് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷ്. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര വിപണിയിലേക്കും ഇത് മുതൽ കൂട്ടാകുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിയിച്ചു.
‘ആഗോള വിപണിയിൽ ജെല്ലിഫിഷ് വിഭഗങ്ങൾക്ക് പ്രധാന്യം ഏറിവരുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂടുന്നതിന് കാരണമാവും. ഇവയുടെ സമുദ്ര ആവാസ്ഥ വ്യവസ്ഥയിലുള്ള പ്രാധാന്യം കണക്കിലെടുത്ത് മികച്ച പരിപാലന പദ്ധതികൾ ആവിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്’- സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം കോവളത്ത് വച്ച് നടക്കുന്ന രാജ്യാന്തര സിംപോസിയത്തിൽ ജെല്ലിഫിഷ് വ്യാപാരവും ഉപജീവനമാർഗവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പല മത്സ്യബന്ധന തൊഴിലാളികളും ജെല്ലി ഫിഷ് മത്സ്യബന്ധന സമയങ്ങളിൽ പിടിക്കാറില്ല. കൂടാതെ ഭക്ഷണമായി ഉപയോഗിക്കാറുമില്ല. ഇതിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് പ്രധാന കാരണം. ‘മത്സ്യതൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നത് വഴി ജെല്ലി ഫിഷിന്റെ പ്രധാന്യം മനസിലാക്കാം. ഇത് വഴി ആഭ്യന്തര വിപണിയിൽ ഗുണനിലവാരമുള്ള ഉൽപന്നം എത്തിക്കാൻ സാധിക്കും’ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ മിറിയം പോൾ ശ്രീറാം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതവും മറ്റ് കടൽ വിഭവങ്ങളുടെ തോത് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കടൽച്ചൊറി ബന്ധനത്തിനും വ്യാപാരത്തിനും ഏറെ സാധ്യതയാണുള്ളത്. 2022-2023 വർഷത്തിൽ 13.12 കോടി രൂപയുടെ ജെല്ലിഫിഷാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. ഏറ്റവും അധികം ചൈനയിലേക്കാണ് കയറ്റുമതി നടത്തുന്നത്.