എന്നും സന്തോഷമായി ഇരിക്കാനും പ്രശ്‌നങ്ങൾ ഇല്ലാതെ ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പല സാഹചര്യങ്ങളും അതിന് വിപരീതമായി വരും. ജീവിതത്തിൽ എപ്പോഴും സന്തോഷമായി ഇരിക്കാനുള്ള മാർഗം നമ്മുടെ ശരീരത്തിൽ തന്നെയുണ്ട്. ഹാപ്പി കെമിക്കൽസ് അഥവാ ഹാപ്പി ഹോർമോൺസ്. പല മാർ?ഗങ്ങളിലൂടെയും ഈ ഹോർമോൺസ് വഴി സന്തോഷം കണ്ടെത്താൻ സാധിക്കും. ഹോർമോണുകൾക്ക് ശരീരത്തിന്റെ നിയന്ത്രണത്തിൽ പ്രധാന പങ്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഒരു മനുഷ്യന്റെ വികാരങ്ങൾ വരെ നിയന്ത്രിക്കാൻ ഇവയ്‌ക്കാവും. ഹാപ്പി ഹോർമോണുകളുടെ അളവ് കൃത്യമായി നിലനിർത്തുന്നത് വഴി സന്തോഷം കണ്ടെത്താൻ സാധിക്കും.
നമ്മുടെ തലച്ചോറിലെ കെമിക്കൽസായ ഡോപമിൻ, എൻഡോൾഫിൻ, സെറാടോണിൻ, ഓക്‌സിടോസിൻ എന്നിവയാണ് അവ. ശരീരത്തിൽ ഡോപമിന്റെ അളവ് കൂട്ടുന്നതിന് ചിട്ടയായ വ്യായാമം ഏറ്റവും മികച്ച മാർഗമാണ്. ഇതിലൂടെ നല്ല ഏകാഗ്രതയും ഊർജവും ലഭിക്കും. ദിവസവും ഒരു മണിക്കൂർ സമയമെങ്കിലും നൃത്തം, പാട്ട്, ചിത്രം വരയ്‌ക്കുക എന്നിങ്ങനെയുള്ള ഹോബികൾ ചെയ്യുന്നതിനായി മാറ്റിവയ്‌ക്കുക. എൻഡോർഫിൻ വർദ്ധിക്കുവാൻ ഇത് സഹായിക്കും.
സെറട്ടോണിനിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഒരു മനുഷ്യനെ വിഷാദത്തിലേക്ക് എത്തിക്കുന്നത്. അതിന്റെ അളവ് കൃത്യമായി നിലനിർത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലം അത്യാവശ്യമാണ്. ഒറ്റയ്‌ക്കാവുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. സ്നേഹവും വാത്സല്യവും തോന്നുന്ന എല്ലാ അവസരങ്ങളിലും ഉൽപാദിക്കപ്പെടുന്ന ഹോർമോണാണ് ഓക്സിടോസിൻ. മറ്റൊരു വ്യക്തിയെ തന്നെപ്പോലെ തന്നെ പരിഗണിക്കുകയും അയാളെ ചേർത്ത് പിടിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഹോർമോണുകൾ മാത്രം ഒരു പക്ഷേ സന്തോഷം നൽകണമെന്നില്ല. ജീവിതത്തിൽ ചില പൊടികൈകൾ കൂടി പ്രയോഗിച്ചാൽ ജീവിതം കുറച്ചധികം ആനന്ദകരമാക്കാം. സ്വയം ഒന്ന് മനസിലാക്കാൻ ശ്രമിക്കുകയും മറ്റുള്ളവരുമായുള്ള താരതമ്യം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയുക. കൂടാതെ ഈഗോ ഒഴിവാക്കുകയും ചെയുന്നത് വഴി ജീവിതത്തിൽ സന്തോഷത്തിന്റെ സ്ഥാനം കണ്ടെത്താം.















