ഹിറ്റ് ആവർത്തിക്കാൻ മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ട് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രിയിൽ നിന്നും വൻ താരനിരയാണ് അണിനിരക്കുന്നത്. കുറ്റി മുടിയും താടിയും കട്ടിയുള്ള മീശയുമായി ടർബോയുടെ ലൊക്കേഷനിൽ വന്നിറങ്ങിയ മമ്മൂട്ടിയുടെ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻ തരംഗവും സൃഷ്ടിച്ചിരുന്നു. അന്നു മുതൽ സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ആ കാത്തിരിപ്പിന് വിരാമമാകുകയാണ്.
ടർബോയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാളെ വൈകുന്നേരം 5 മണിക്കാണ് പോസ്റ്റർ പുറത്തിറക്കുക. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുഹാൻ സിംഗ്, കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടി എന്നിവർ ടർബോയിൽ മമ്മൂട്ടിക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ടർബോ.

മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്ന ‘ടർബോ’യുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്സ് പ്രഭു ആണ്.















