കൊച്ചി: ബോളിവുഡ് ഗായിക നികിത ഗാന്ധി നയിക്കുന്ന സംഗീതനിശയ്ക്ക് കുസാറ്റ് അധികൃതർ പോലീസിൽ നിന്ന് അനുമതി തേടിയിരുന്നില്ലെന്ന് ജില്ലാ പോലീസ് കമ്മീഷണർ പി.കെ സുദർശൻ. രേഖാമൂലം അറിയിപ്പ് നൽകിയിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി.
എന്നാൽ സംഗീതനിശ സംബന്ധിച്ച വിവരം പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വിസി പി.ജി ശങ്കരന്റെ വിശദീകരണം. ആറ് പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു. ഇതിന് മുൻപും സമാന രീതിയിലാണ് പരിപാടികൾ നടത്തിയിരുന്നത്. അദ്ധ്യാപകർ നിക്കാലെയാണ് മറ്റുള്ളവർ ഓഡിറ്റോറിയത്തിലേക്ക് തള്ളി കയറിയത്.
പരിപാടി കാണാനുള്ള ആകാംക്ഷയിലാണ് ആളുകൾ ഓടിവന്നത്. പെട്ടെന്നാണ് അകത്ത് കയറാൻ തള്ളൽ ഉണ്ടായതെന്നാണ് വിസി പറഞ്ഞത്. പ്രോഗ്രാമിന്റെ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്.
പരിപാടി തുടങ്ങാന്‍ അൽപം വൈകിയിരുന്നു. ഇത് കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാക്കി. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും ഡോ. പിജി ശങ്കരന്‍ പറഞ്ഞു. ദുരന്തം ഉണ്ടായത് ഒരു ഗേറ്റ് മാത്രമേ ഉള്ളായിരുന്നു എന്നതുകൊണ്ടല്ല. സ്റ്റെപ്പിന്റെ പ്രശ്നവും അപകടം ഉണ്ടാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ അകത്തേക്ക് കയറിയതാകാം അപകട കാരണമെന്ന് കുസാറ്റ് സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർ ബേബി ചൂണ്ടിക്കാട്ടി. 2000 ത്തോളം ആളുകളെ ഉൾക്കൊള്ളിക്കാനാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും തള്ളിക്കയറിയത് വലിയ തിരക്കിന് കാരണമായി. മഴ പെയ്തതിനാൽ പെട്ടെന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.