ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മാസംതോറും വരുന്ന ആർത്തവ വേദന. വയറുവേദ വന്നാൽ പലർക്കും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറുമെങ്കിലും ചിലരിൽ വേദനയുടെ തീവ്രത ദിവസങ്ങളോളം നീണ്ടു നിൽക്കും. ഇതിനുപുറമെ പല സ്ത്രീകൾക്കും ഛർദ്ദിയും നടുവേദനയും തലക്കറക്കവും തലവേദനയുമൊക്കെ അനുഭവപ്പെടാറുണ്ട്. വേദന വരുമ്പോഴൊക്കെയും കെമിക്കലുകളടങ്ങിയ വേദന സംഹാരികളാവും നമ്മിൽ പലരും ഉപയോഗിക്കുക. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ അസഹ്യമായ വയറുവേദന വരുന്നതെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്. അറിയാം..
ആർത്തവത്തിന് മുൻപായി രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുന്നതിന് ഗർഭപാത്രത്തെ സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളായ പ്രോസ്റ്റാഗ്ലാൻഡിനുകളുടെ അമിത ഉത്പാദനമാണ് വയറുവേദനയ്‌ക്കും പേശിവലിവിനും കാരണമായി വരുന്നത്. വേദനകൾ വരുമ്പോൾ മിക്ക സ്ത്രീകളും മെഫെനമിക് ആസിഡ്, ഐബുപ്രൊഫൻ പോലുള്ള നോൺ- സ്റ്റിറോയിഡൽ വേദനസംഹാരികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ അളവ് 200 മില്ലിഗ്രാമിൽ അധികമാവാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നെ വേദന കൂടിയാൽ എന്തു ചെയ്യാൻ സാധിക്കുമെന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. അതിനു ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാം..
1. വയറുവേദനയോ പേശിവലിവോ വരുമ്പോൾ ചെറു ചൂടുവെള്ളം കുടിക്കുന്നതും അടിവയറിൽ ചൂടു പിടിപ്പിക്കുന്നതും വേദന കുറയ്‌ക്കാൻ സഹായിക്കുന്നു. ചില സ്ത്രീകൾക്ക് കായം ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതും വേദന അകറ്റാൻ സഹായിക്കുന്നു.
2. തക്കാളി, ബെറിപഴങ്ങൾ, പൈനാപ്പിൾ, ബദാം, ഇഞ്ചി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും വേദന കുറയ്‌ക്കാൻ സഹായകമാണ്.
3.ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് പേശികൾക്ക് അയവ് നൽകാൻ സഹായിക്കുന്നു.
4. വൈറ്റമിൻ ഡി, വൈറ്റമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
അസഹ്യമായ വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. വേദനസംഹാരികൾ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം, അൾസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കും.















