ഹൈദരാബാദ്: ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലകളിലും രാജ്യം ഇന്ന് പുരോഗതി കൈവരിച്ചിരിക്കുകയാണ്. നവോത്ഥാനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് ഭാരതം കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ കൻഹ ശാന്തിവനത്തിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘സമ്പത്തിൽ നിന്ന് മാത്രമല്ല രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെയുമാണ് രാജ്യം ഉന്നതിയിലെത്തുന്നത്. ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും മുന്നോട്ട് കൊണ്ട് പോകുകയും വികസിതമായ രാജ്യത്തെ കെട്ടിപ്പടുക്കകയും ചെയ്യണം. കൊറോണ മഹാമാരി ഉൾപ്പെടെയുള്ള വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യ ശക്തമായി പോരാടി. ഇതിനെ ലോകരാജ്യങ്ങൾ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു’.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ തന്റെ സ്വകാര്യ സ്വത്തായിട്ടാണ് കാണുന്നത്. എന്തുകൊണ്ടാണ് കെസിആറിന് മറ്റൊരു സീറ്റിൽ മത്സരിക്കേണ്ടി വന്നത്. രാഹുൽ ഗാന്ധിക്ക് അമേഠി വിട്ട് കേരളത്തിലേക്ക് ഓടേണ്ടി വന്നു. കർഷകരുടെയും പാവപ്പെട്ടവരുടെയും ദുരിതവും കരച്ചിലും കാണാതെ ഇതിൽ നിന്നൊക്കെ ഓടി ഒളിക്കുകയാണ് കോൺഗ്രസ്. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്താൻ പോകുകയാണ്. തെലങ്കാനയിൽ ബിജെപിക്ക് മാത്രമേ വികസനം എന്ന പ്രതിജ്ഞ നിറവേറ്റാൻ സാധിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.















