പനാജി: ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം. ഗവർണർ ശ്രീധരൻ പിള്ളയുടെ ക്ഷണപ്രകാരമാണ് മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഘവും ഗോവ രാജ്ഭവനിൽ എത്തിയത്. രാജ്ഭവൻ സന്ദർശിക്കുന്ന ചിത്രങ്ങളും അഭിലാഷ് പിള്ള സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഗോവ രാജ്ഭവനിൽ ഗവർണർ ശ്രീധരൻ പിള്ള സാറിനൊപ്പം എന്ന കുറിപ്പോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഹൗസ് ഫുളായി മാളികപ്പുറം തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഐ എഫ് എഫ് ഐയിൽ ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണമാണ് പങ്കുവെച്ചത്. ഐ എഫ് എഫ് ഐയിലെ പ്രദർശന വേളയിൽ ചിത്രത്തിന്റെ നായകൻ ഉണ്ണിമുകുന്ദൻ, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള തുടങ്ങിയവരും മാളികപ്പുറം കാണാൻ എത്തിയിരുന്നു. ഇതിന് ശേഷമാണ് രാജ്ഭവൻ സന്ദർശിച്ചത്.
ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു മാളികപ്പുറം. കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം ചിത്രം കരസ്ഥമാക്കിയിരുന്നു. ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ സിനിമ ഇരുകെെയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. ബാലതാരമായ ദേവനന്ദയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കെെകാര്യം ചെയ്തത്.















