ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് എപ്പോൾ വേണമെങ്കിലും ബിആർഎസിലേക്ക് പോകാമെന്നും കെ ചന്ദ്രശേഖർ റാവുവിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബിആർഎസും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിലെ മക്തലിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ബിആർഎസും തമ്മിൽ ഒരു ഇടപാട് നടന്നിട്ടുണ്ട്. കോൺഗ്രസ് തെലങ്കാനയിൽ കെസിആറിനെ മുഖ്യമന്ത്രിയാക്കും, കെസിആർ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയുമാക്കും എന്നതാണ് ഇരു കൂട്ടരുടെയും അജണ്ട. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തണം. അത് മാത്രമാണ് കെസിആറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് ജനങ്ങൾക്ക് മുന്നിലുള്ള ഏകവഴി.
കോൺഗ്രസ് എംഎൽഎമാർ ചൈനീസ് സാധനങ്ങൾ പോലെയാണ്. ഒരു ഗ്യാരൻിയുമില്ല. അവർ എപ്പോൾ വേണമെങ്കിലും ബിആർഎസിലേക്ക് പോകും. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തും. സംസ്ഥാനത്തെ ഓരോ ഭക്തനും അയോദ്ധ്യ രാമക്ഷേത്രത്തിൽ സൗജന്യ ദർശനം ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.















