കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങി, ചെരിഞ്ഞ തൊപ്പി വച്ച തല മെല്ലെ ഉയർത്തി, വരണ്ടുണങ്ങിയ ചുണ്ടിൽ കടിച്ചുപിടിച്ച ചുരുട്ട് വലിച്ചു കൊണ്ട് അരയിൽ നിന്നും തോക്കെടുത്ത് സ്റ്റൈലായി വെടിയുതിർക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ രൂപം സിനിമാ പ്രേമികൾക്കാർക്കും മറക്കാൻ കഴിയില്ല. കൗബോയ് പ്രകടനങ്ങളിൽ ലോക സിനിമയിൽ ഒറ്റപ്പേരെയുള്ളൂ, അതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ പ്രതിഭ. 1950 കളിൽ തുടങ്ങിയ സിനിമയോടുള്ള തന്റെ പ്രണയം ചുറുചുറുക്കോടെ കാത്തു സൂക്ഷിക്കുകയാണ് 93-കാരനായ ആ കലാ പ്രതിഭ.
തന്റെ ഏറ്റവും പുതിയ സിനിമയുടെ തിരക്കിലാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. ‘ജൂറർ നമ്പർ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അദ്ദേഹം. ജോർജിയയിൽ സവന്നയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അഭിനേതാക്കളായ നിക്കോളാസ് ഹോൾട്ട് , ടോണി കോളെറ്റ് എന്നിവർക്കൊപ്പം തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്ന് പുഞ്ചിരിക്കുന്ന 93 കാരന്റെ ചിത്രം സിനിമാ പ്രേമികളിൽ ആവേശവും പ്രചോദനവും സൃഷ്ടിക്കുന്നു. തന്റെ ഉള്ളിലെ ആവേശത്തെ പ്രായത്തിന് തളർത്താൻ കഴിയില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ അതുല്യ പ്രതിഭ.

2021-ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-വെസ്റ്റേൺ നാടക ചിത്രമായ ‘ക്രൈ മാച്ചോ’യ്‌ക്ക് ശേഷം ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജൂറർ നമ്പർ 2’. 1975-ലെ നാഷിന്റെ നോവലിനെ ആസ്പദമാക്കി നിക്ക് ഷെങ്കും എൻ. റിച്ചാർഡ് നാഷും ചേർന്ന് എഴുതിയതാണ് ക്രൈ മാച്ചോയുടെ തിരക്കഥ. ഹോൾട്ട്, കോളെറ്റ്, ഗബ്രിയേൽ ബാസോ, സോയി ഡച്ച്, ക്രിസ് മെസ്സിന, ലെസ്ലി ബിബ്, കീഫർ സതർലാൻഡ് എന്നിവരാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ജൂറർ നമ്പർ 2-വിൽ അഭിനയിക്കുന്നത്. ജൊനാഥൻ അബ്രാംസാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
















